ഐശ്വര്യ ലക്ഷ്മി. എസ്സ്

ഇന്നലെയും ഇന്നും
ചേർത്തുപിടിച്ചോടിയ
നീയുമിനി ഇന്നലെ

ചൂടാറ്റിയ വാർത്തകളാൽ
ആർത്തിറങ്ങിയ കനവുകൾ കവർന്നെടുത്ത നാളുകളെല്ലാം ഉരുകിയൊരുകി നിന്നിലേക്ക് മാത്രമായ്

ഭ്രാന്തമായി വരും കാലങ്ങളെ കൂട്ടി നടന്നകലുന്ന നാളെയിൽ
ഊർന്നിറങ്ങുമൊരു കണികയായ്

തിരിഞ്ഞുനോട്ടത്തിൽ മാത്രം പാർക്കാൻ
വിധിക്കപ്പെട്ടൊരു
ഉപ്പിൻ കയ്പായോ
മധുരനാരങ്ങയായോ

കുടിശ്ശിക തീർത്തൊരു
നാളിൽനിന്നും മറ്റൊരിടത്തേക്കൊരു
ചേക്കറലായ്

നാളെയോട് സമരസപ്പെടാൻ
കഴിഞ്ഞതിനൊക്കെ
ഒരു റീത്തും നെയ്തു
മുന്നിലേക്കൊരു കുതിക്കലാണിനി

പിന്നെ പിന്നെ നീയൊരു
പഴഞ്ചനായ് മാറിടും
അങ്ങനെയങ്ങനെ
പഴക്കമേറെ തഴമ്പിച്ച
കാലത്തിന്റെ താളുകളിലൊന്നായ്
നീ മാറിടും.

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയർ ട്രയിനി. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ ശശിധര കൈമൾ. അമ്മ ഇന്ദു കുമാരി. ഇമെയിൽ വിലാസം [email protected]