തിരുവനന്തപുരം: എ.കെ.ശശീന്ദ്രന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം. മുഖ്യമന്ത്രിയും ഡിജിപിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. ഏത് അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
മംഗളം ചാനല്‍ ലോഞ്ചിംഗിനോട് അനുബന്ധിച്ച് പുറത്തു വിട്ട വാര്‍ത്തയില്‍ സംപ്രേഷണം ചെയ്ത ഓഡിയോ ക്ലിപ്പില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ക്രൈം ബ്രാഞ്ചിന്റെ ഓര്‍ഗനൈസ്ഡ് ക്രൈം വിഭാഗത്തിന്റെ അന്വേഷണം ആവശ്യമായി വന്നേക്കും. ഇക്കാര്യത്തില്‍ ഉടന്‍തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ശശീന്ദ്രനെതിരെ ആരോപണം ഉയര്‍ന്നെങ്കിലും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല.

പരാതി ആര് നല്‍കിയാലും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണം ചാനല്‍ പുറത്തു വിട്ടതിനെത്തുടര്‍ന്ന് ഗതാഗത മന്ത്രി സ്ഥാനത്തു നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ എ.കെ.ശശീന്ദ്രന്‍ രാജിവെച്ചിരുന്നു.