ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞമാസം യുകെയുടെ പണപ്പെരുപ്പ നിരക്കിൽ അപ്രതീക്ഷിതമായ വർദ്ധന ഉണ്ടായിട്ടും, ഈ വർഷം പലിശ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷ തുടരുകയാണ്. 2023 നവംബർ മാസത്തിൽ 3.9% ആയിരുന്ന പണപ്പെരുപ്പ നിരക്ക് ഡിസംബർ മാസം ആയപ്പോഴേക്കും 4 ശതമാനമായി ഉയർന്നു. പണപ്പെരുപ്പ നിരക്കിൽ നേരിയ ഇടിവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നുവെങ്കിലും, പുകയിലയുടെയും മദ്യത്തിന്റെയും വിലയിലുണ്ടായ വർധനയാണ് അപ്രതീക്ഷിത വർധനവിന് പിന്നിൽ. എന്നാൽ 2024-ൽ ഊർജ്ജ ബില്ലുകൾ കുറയുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, ഈ വർഷാവസാനം നിരക്ക് കുറയ്യുമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് ലോക്ക് ഡൗണുകളിൽ ആരംഭിച്ച ഗ്യാസ്, ഇലക്ട്രിസിറ്റി, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില വർദ്ധനവ് പിന്നീട് ഉണ്ടായ റഷ്യ – ഉക്രൈൻ യുദ്ധത്തോടെ നിയന്ത്രണാതീതമായ രീതിയിൽ ഉയരുകയായിരുന്നു. ഇത് ബ്രിട്ടനിലെ സാധാരണ ജനങ്ങളെ ആകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുകെയിലെ വിലക്കയറ്റത്തിന്റെ വേഗതയെ നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുകൾ ഉയർത്തിയതും സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക സ്തംഭനത്തിന് കാരണമായി. ബ്രിട്ടനിൽ പലിശ നിരക്ക് നിലവിൽ 5.25 % ആണ്. ഇത് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇത് സാധാരണക്കാർക്ക് മോർട്ട്ഗേജ് നിരക്കുകൾ ഉയരുന്നതിനും ഇടയാക്കി. പണപ്പെരുപ്പ നിരക്ക് ഒക്ടോബറിലെ 11.1 ശതമാനത്തിൽ നിന്നും താഴ്ന്നത് ബ്രിട്ടനിൽ ആശ്വാസത്തിന് വഴിതെളിച്ചിരുന്നു. ഇത് മൂലം ബാങ്ക് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ജനങ്ങൾ. ബാങ്ക് പ്രവചിച്ചിരുന്നതിനേക്കാൾ വേഗത്തിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞെങ്കിലും, ഇപ്പോഴും മിനിമം നിരക്കിനേക്കാൾ രണ്ട് ഇരട്ടിയാണ് ഉള്ളത്.


ഊർജ്ജ നിരക്കുകൾ കുറയുന്നത് പണപ്പെരുപ്പം കുറയുവാൻ സഹായിക്കുമെന്നും, അതിനാൽ തന്നെ ബാങ്ക് നിരക്ക് കുറയ്ക്കുമെ ന്ന പ്രതീക്ഷയാണ് പ്രമുഖ എക്കണോമിസ്റ്റ് ആയ സാമുവേൽ ടോമ്പ്സ് പങ്കുവെച്ചത്. എന്നാൽ നിലവിൽ ചെങ്കടലിൽ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ഏഷ്യയിൽ നിന്നുള്ള നിരവധി ചരക്ക് കപ്പലുകൾ വഴിതിരിച്ചു വിട്ടതിനെത്തുടർന്ന് സാധനങ്ങൾ ലഭിക്കാനുള്ള കാലതാമസം പണപ്പെരുപ്പം ഉയർത്തുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ബാങ്ക് നിരക്കുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ, പല മോർട്ട്ഗേജ് ലെൻഡർമാരും കുറഞ്ഞ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ബാങ്കിന്റെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ബ്രിട്ടനിലെ സാധാരണ ജനങ്ങളും സാമ്പത്തിക വിദഗ്ധരും.