ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെതിരായ കോടതി വിധിക്ക് പിന്നാലെ അനുയായികള്‍ നടത്തിയ പരാക്രമത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ നടന്ന അസാധാരണമായ ഈ കലാപത്തിന്റെ വാര്‍ത്ത ലോകമാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആള്‍ദൈവങ്ങള്‍ക്ക് എങ്ങനെയാണ് വിഭജിച്ച ഇന്ത്യ വളമാകുന്നത് എന്നായിരുന്നു ബിബിസി റിപ്പോര്‍ട്ടില്‍ പരിശോധിച്ചത്. അനുയായികള്‍ ബഹുമുഖ പ്രതിഭയായി കാണുന്ന റാം റഹീമിനെ പോലെയുളള ആയിരക്കണക്കിന് ആള്‍ദൈവങ്ങള്‍ ഇന്ത്യയില്‍ എക്കാലത്തും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയക്കാരും, സിനിമാക്കാരും, ക്രിക്കറ്റ് താരങ്ങളും, ഉദ്യോഗസ്ഥ മേധാവികളും, സാധാരണക്കാരും ഒരുപോലെ കാല്‍തൊട്ട് വന്ദിക്കുന്ന ആള്‍ദൈവങ്ങള്‍ക്ക് ഇന്ത്യ വളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നവരാണ് ആള്‍ദൈവങ്ങളാണെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘ഇന്ത്യയിലെ ഏറ്റവും സ്വാധീനമുളള വ്യക്തികളില്‍ ഒരാള്‍’ എന്നാണ് റാം റഹീമിനെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചയാളും, മോദി സര്‍ക്കാരിന്റെ വിവാദമായ നോട്ട് നിരോധന തീരുമാനത്തെ പിന്തുണച്ചയാളുമാണ് ഇയാളെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അടക്കമുളള രാഷ്ട്രീയ പ്രമുഖരുടെ ലാളന കിട്ടുന്നയാളാണ് റാം റഹീം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ പദ്ധതിയുടെ പേരില്‍ 2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആള്‍ദൈവത്തെ പുകഴ്ത്തി ട്വീറ്റ് ചെയ്തതും റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിക്കുന്നു.

ബലാത്സംഗക്കേസില്‍ തങ്ങളുടെ ആരാധ്യപുരുഷനെ കോടതിയില്‍ ഹാജരാക്കവെ ആയിരക്കണക്കിന് വരുന്ന ഭക്തന്മാര്‍ കുറുവടികളുമായി റോഡും നഗരവും കീഴടക്കി മാര്‍ച്ച് ചെയ്തും എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയും പുരോഗമനം അവകാശപ്പെടുന്ന ഇന്ത്യയില്‍ എത്രമാത്രം സ്വാധിനമാണ് ഒരു ഗുരുവിന് ഉളതെന്നാണ് സംഭവം തെളിയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു