വടക്കൻ തായ്ലൻഡിലെ ലുവാംഗ് ഗുഹാ സമുച്ചയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുൻ നാവിക ഉദ്യോഗസ്ഥൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ സമൻ കുനാനാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഗുഹയിൽ എയർടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജൻ കിട്ടാതായതോടെ സമൻ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി. ഗുഹയിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിച്ചുവരികയാണ്. ഫുട്ബോൾ സംഘത്തിലെ 12 അംഗങ്ങളും കോച്ചും ജൂൺ 23നാണ് ഗുഹയിൽ കുടുങ്ങിയത്. കുട്ടികൾ 11നും 16നും ഇടയിൽ പ്രായമുള്ളവരാണ്. കോച്ചിന് 25 വയസുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോര്‍ട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നു. ഗുഹയില്‍ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോൾ ജലനിരപ്പ് 40 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മഴ പെയ്താൽ വീണ്ടും ഗുഹയിൽ ജലനിരപ്പ് ഉയരും.
ശനിയാഴ്ചയ്ക്കുശേഷം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ഗുഹാമുഖത്തുനിന്ന് ഒന്നര കിലോമീറ്റർ ദൂരം ഉള്ളിലേക്ക് നടന്നെത്താൻ ഇപ്പോൾ കഴിയും. പ്രവേശനകവാടത്തിൽനിന്ന് നാലു കിലോമീറ്റർ ഉള്ളിലാണ് കുട്ടികളുള്ളത്. മെഡിക്കൽ സംഘവും കൗൺസിലർമാരും മുങ്ങൽ വിദഗ്ധരും കുട്ടികൾക്കൊപ്പമുണ്ട്. മഴ പെയ്യാതിരുന്നാൽ കുട്ടികൾക്ക് നടന്നുതന്നെ പുറത്തെത്താൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. അതോടൊപ്പംതന്നെ നീന്തലും മുങ്ങാംകുഴിയിടലും പഠിപ്പിച്ച് കുട്ടികളെ പുറത്തെത്തിക്കാനുള്ള പദ്ധതിയും നടപ്പാക്കിവരുകയാണ്.
Leave a Reply