ഐശ്വര്യ ലക്ഷ്മി. എസ്സ്
മെയ് ഒന്ന്,ലോക തൊഴിലാളി ദിനം. 1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ‘ഹേയ് മാർക്കറ്റ്’ കലാപത്തിന്റെ ഓർമ്മ പുതുക്കലായാണ് എല്ലാ വർഷവും ഈ ദിനം തൊഴിലാളി ദിനമായി ആചരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളെ നിരാകരിച്ച മുതലാളി വർഗത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഒരു ജനതയുടെ ജീവിത വിജയമായിരുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെ തുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയയിൽ ആണ്.
മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉയർന്നതാണെന്ന ഒരു വാദവും നിലനിൽക്കുന്നുണ്ട്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേയ് മാർക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും ആയിരുന്നു. 1904 ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.
ഇന്ത്യൻ തൊഴിലാളികളുടെ ജോലിസമയം 8 മണിക്കൂറായി നിയമപരമായ ക്രമീകരണം നടത്തിയത് ഡോ. അംബേദ്കർ ആയിരുന്നു. തൊഴിൽസമയം 14 മണിക്കൂറിൽ നിന്നും എട്ടു മണിക്കൂറായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 1942 നവംബറിൽ നടന്ന ഇന്ത്യൻ ലേബർ കോൺഫറൻസിൽ അംബേദ്കർ അവതരിപ്പിച്ച പ്രമേയം പാസ്സാക്കപ്പെട്ടു. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ,തുല്യവേതനം,സ്ത്രീ തൊഴിലാളികളുടെ സുരക്ഷ എന്നീ സുപ്രധാനമായ ചില തൊഴിൽനിയമങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.
തൊഴിലാളി വർഗ്ഗം ഏതൊരു രാജ്യത്തിന്റെയും നിർണ്ണായകമായ സാമൂഹ്യ ശക്തിയാണ്. പക്ഷേ ഇന്നും അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിന്‍റെ നില എല്ലായിടത്തും പരിതാപകരമാണ്.ഒരു നൂറ്റാണ്ടിലധികം നീളുന്ന മുന്നേറ്റമുണ്ടായിട്ടും അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം.ലോകത്താകെയുള്ള തൊഴിലാളി സമൂഹത്തിന്‍റെ അവകാശ പോരാട്ടങ്ങളുടെ സന്ദേശമാണ് ഓരോ മെയ് ദിനവും നല്‍കുന്നത്. നാമെല്ലാവരും ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ തൊഴിലാളികളാണ്. എന്നാൽ ഒരിക്കൽ നാം പൊരുതിയിരുന്നത് മുതലാളിത്ത വർഗത്തിൽനിന്നും അവകാശങ്ങൾ നേടിയെടുക്കാനായിരുന്നെങ്കിൽ ഇന്ന് നാം പൊരുതുന്നത് നമ്മുടെ ജീവനുമേൽ ആധിപത്യം സ്ഥാപിക്കാൻ വെമ്പുന്ന കൊറോണ വൈറസുമായാണ്. പോരാളിയുമായി ഒളിയുദ്ധമായതുകൊണ്ടുതന്നെ ഓരോ നിമിഷവും സൂക്ഷ്മതയോടെ വേണം മുന്നോട്ടു പോകാൻ. ഈയൊരു മെയ്ദിനം കടന്നുപോകുന്നത് അതിജീവനാർത്ഥം തൊഴിലും ജീവനും തുലാസിലാക്കി മുന്നോട്ടു പോകുന്ന തൊഴിലാളി ജനതയ്ക്കിടയിലൂടെയാണ്. ഈ കാലവും കടന്നുപോകും എന്ന പ്രതീക്ഷയിലാണ് ഇവരൊക്കെ മുന്നോട്ടുപോകുന്നത്. ഇവർക്ക് പിന്തുണയുമായി സർക്കാർ ഒപ്പമുണ്ട്.
കൊറോണ മഹാമാരിയോട് പൊരുതുന്ന ലോകത്താകെയുള്ള ആരോഗ്യ പ്രവര്‍ത്തകരിന്ന് ജീവന്‍ മരണ പോരാട്ടത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ ജീവന്‍ പണയം വെച്ചുകൊണ്ടാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. ഡോക്ടര്‍മാര്‍,നഴ്സുമാര്‍ എന്നിവര്‍ അനുഭവിക്കുന്ന ദുരിതം വാക്സിനേഷൻ ക്യാമ്പയിനിലൂടെയും നമ്മൾ സ്വീകരിക്കുന്ന പ്രതിരോധമാർഗ്ഗങ്ങളിലൂടെയും മാത്രമേ ലഘൂകരിക്കാനാവൂ. ഇന്ത്യയില്‍ പലകുറി നഴ്സുമാര്‍ തങ്ങള്‍ക്ക് മാന്യമായ ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ഇന്നിപ്പോള്‍ ഈ ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണയ്ക്കെതിരെ പോരാടുമ്പോള്‍ പോലും അവർക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നത് അപലപനീയമാണ്. സേവന മേഖല എന്നതുമൊരു തൊഴിലിടം തന്നെയാണ്. അവരോടൊപ്പം നമ്മൾ കൂടി പോരാടിയാലേ മാനവരാശിയുടെ ജീവിതമെന്ന അവകാശം സ്ഥാപിച്ചെടുക്കാനാവൂ. അവകാശ പ്രഖ്യാപനങ്ങൾക്കൊപ്പം അവർക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കൂടി ഉയരുന്നതാകണം ഈ മെയ്ദിനവും.
തൊഴിലിനൊപ്പം ജീവിക്കാനുള്ള അവകാശംകൂടി നേടിയെടുക്കേണ്ട ഘട്ടത്തിലാണ് നാമിന്ന്. നാം തന്നെ പ്രതിരോധിച്ചില്ലെങ്കിൽ നാം നേടിയെടുത്തതൊക്കെയും തകിടം മറിഞ്ഞ് പ്രതീക്ഷിക്കാത്തത്ര ദുരിതക്കയത്തിലാണ്ടു പോവാം. കരുതലോടെ വേണം ഓരോ നിമിഷവും മുന്നേറാൻ. ജീവശ്വാസത്തിനായ് നെട്ടോട്ടമോടുമ്പോഴും മാനുഷികത മറന്നുള്ള പ്രവർത്തികൾ അരങ്ങേറുന്നത് മുന്നണിപോരാളികളുടെ ആത്മവിശ്വാസംപോലും നഷ്ടപ്പെടുത്തുന്നുണ്ട്. ഒരുമിച്ചു നിന്നെങ്കിലേ എന്നുമീ തൊഴിലിടങ്ങളുണ്ടാവൂ. അതിനായി നാം സ്വാർത്ഥതയുടെയും അഹംഭാവത്തിന്റെയും ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിഞ്ഞ് പ്രതിരോധത്തിന്റെ കോട്ട തീർത്തേ മതിയാവൂ.
പരിണാമമിതൊന്നു വേണമീ മനുഷ്യനും
തളരരുതു കരുതിടേണം
അവസാനകണ്ണിയും അറ്റുവീണതിന്മേൽ വിജയക്കൊടി പാറുംവരെ
പൊരുതിടേണം നാം
തൊഴിലിടങ്ങളൊന്നും
പകരുമിടങ്ങളായിടല്ലു
കാത്തിടേണം നാം നമ്മെയൊക്കെയും
വാക്സിനൊക്കെയും ചേർത്തകന്നു ചേർന്നിടേണം നാമിതൊന്നായ്
പ്രിയ വായനക്കാർക്ക് മലയാളംയുകെയുടെ മെയ്ദിനാശംസകൾ.
ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം.മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അച്ഛൻ കെ ജി ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി.ഇമെയിൽ [email protected]
Leave a Reply