ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ 11 മാസത്തിനിടെ വെറും രണ്ടു വയസ്സുള്ള ടില്ലി വാർഡിന് 9 തവണയാണ് കോവിഡ്-19 പരിശോധന നടത്തിയത്. നഴ്സറിയിലെ നിയമങ്ങളനുസരിച്ച് ആഴ്ചയിൽ അഞ്ചു ദിവസം ക്ലാസിൽ പങ്കെടുക്കുവാൻ തൊണ്ടയിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥ അനുഭവപ്പെടുമ്പോൾ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ ഈ പരിശോധനകളൊന്നും തന്നെ വീട്ടിൽ നടത്തുന്ന ലാറ്ററൽ ഫ്ലോ ടെസ്റ്റ് ആയിരിക്കില്ല. പ്രാദേശിക പോപ്പ്-അപ്പ് ടെസ്റ്റിംഗ് സെന്ററിൽ നിന്ന് വളരെ സെൻസിറ്റീവ് പിസിആർ ടെസ്റ്റ് ആണ് നടത്തേണ്ടതെന്ന് നേഴ്സറി അധികൃതർ പറയുന്നു. ആദ്യത്തെ ടെസ്റ്റ് നടത്തുമ്പോൾ പ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അഞ്ച് ടെസ്റ്റിൽ കൂടുതൽ നടന്നപ്പോൾ മാറ്റങ്ങൾ കുട്ടിയിൽ കണ്ടു തുടങ്ങി. ടെസ്റ്റുകൾ നടത്താൻ കുട്ടി ഒട്ടും സന്തുഷ്ട ആയിരുന്നില്ല എന്നും പിന്നീട് അസ്വസ്ഥത കാണിച്ചിരുന്നു എന്നും ഓക്‌സ്‌ഫോർഡ്‌ഷെയറിൽ നിന്നുള്ള ബിസിനസുകാരനായ അവളുടെ പിതാവ് മാർക്ക് (34) പറയുന്നു. ആറാം തവണ ടെസ്റ്റ് നടത്തിയ സമയം ടില്ലി മുന്നോട്ടു തലചായ്ച്ചതിനാൽ അബദ്ധത്തിൽ മാർക്കിൻെറ കൈയിൽ നിന്നും സ്വാബ് മൂക്കിൻെറ അകത്തേക്ക് കയറി മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായി.

ഇതുപോലെ മാതാപിതാക്കൾക്കും കുട്ടികൾക്കും ഇത്തരത്തിലുള്ള നിയമങ്ങൾ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടില്ലിയുമായി ഏറ്റവുമൊടുവിൽ ടെസ്റ്റിംഗ് സെന്ററിൽ എത്തിയപ്പോഴുള്ള അനുഭവം വളരെ മോശമായിരുന്നു. ടെസ്റ്റിംഗ് സെന്ററിൽ എത്തിയപ്പോഴും ടെസ്റ്റ് നടത്തുമ്പോഴും കുട്ടി അസ്വസ്ഥത കാണിക്കുകയും നിലവിളിക്കുകയും ചെയ്തു. ടെസ്റ്റ് നടത്തിയതിനുശേഷം രണ്ടുതവണ കുട്ടി ഛർദ്ദിക്കുകയും ചെയ്തു. ടില്ലിക്ക് ചെറിയ ചുമ ഉണ്ടായിരുന്നിട്ടും മുമ്പത്തെ എട്ട് ടെസ്റ്റുകൾ പോലെ ഫലം നെഗറ്റീവ് ആയിരുന്നു. ഒരുമാസത്തേക്കെങ്കിലും ചുമയോ ജലദോഷമോ ഇല്ലാതെ പോയാലുള്ള പിഞ്ചുകുട്ടികൾ ഭാഗ്യവാന്മാരാണ് എന്ന് മാർക്ക് പറയുന്നു.

ഒമിക്രോൺ വേരിയന്റിനെതിരെ പോരാടുന്നതിന് ഡിസംബറിൽ അവതരിപ്പിച്ച പ്ലാൻ ബി നിയന്ത്രണങ്ങൾ കഴിഞ്ഞ ആഴ്ച സർക്കാർ പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിൽ കടകളിലും പൊതു ഇടങ്ങളിലും മാസ്ക് ധരിക്കുന്നതും സാധ്യമാകുന്ന ഇടങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള മാർഗനിർദേശവും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സാധാരണനിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടും കുട്ടികൾക്കുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ചില പ്രൈമറി സ്കൂളുകൾ കുട്ടികളോട് ആഴ്ചയിൽ അഞ്ചു കോവിഡ് ടെസ്റ്റുകൾ വരെ എടുക്കാൻ ആവശ്യപ്പെടുന്നു. ഗവൺമെന്റ് മാർഗ്ഗനിർദ്ദേശം ഒരിക്കലും ആവശ്യപ്പെടുന്നില്ലെങ്കിലും ഒരു വയസ്സ് പ്രായമുള്ള കുട്ടികളോട് മൂക്കൊലിപ്പ് ഉണ്ടായാൽ പോലും പിസിആർ ടെസ്റ്റ് നടത്തണമെന്ന് നഴ്സറികൾ ആവശ്യപ്പെടുന്നതായി രക്ഷിതാക്കൾ പറയുന്നു.