നെയ്യാറ്റിന്‍കരയില്‍ യുവാവിനെ മരണത്തിലേക്ക് തള്ളിയിട്ട ഡിവൈഎസ്പിക്കുവേണ്ടി ലുക്കൗട്ട് നോട്ടിസ് പോലും പുറപ്പെടുവിക്കാതെ പൊലീസ്. ഡിവൈഎസ്പി ഹരികുമാറിന് കീഴടങ്ങാന്‍ ഒരുദിവസം കൂടി നല്‍കും. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹരികുമാറിനോടാവശ്യപ്പെടാന്‍ ബന്ധുക്കളോട് പൊലീസ് അഭ്യര്‍ഥിച്ചു. ഹരികുമാര്‍ സംസ്ഥാനം വിട്ടെന്ന് സൂചനയുണ്ട്. അറസ്റ്റ് വൈകിക്കാന്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനിലേയും സിപിഎം തിരുവനന്തപുരം ജില്ലാനേതൃത്വത്തിലേയും പ്രബലവിഭാഗങ്ങള്‍ രംഗത്തുണ്ട്.

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ബി.ഹരികുമാറിനെ ഡി.വൈ.എസ്.പി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഇന്റലിജന്‍സ് മൂന്ന് തവണ നല്‍കിയ മുന്നറിയിപ്പും ഡി.ജി.പി ലോക്നാഥ് ബഹ്റ അവഗണിച്ചു. ഹരികുമാറിന്റ വഴിവിട്ട പോക്കിനെതിരെ ഇന്റലിന്‍ജന്‍സ് രണ്ടുതവണ സ്വന്തം നിലയ്ക്കും ഒരുതവണ ഡി.ജി.പി ആവശ്യപ്പെട്ടിട്ടുമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ഡി.വൈ.എസ്.പിയുടെ വഴിവിട്ട ഇടപാടുകള്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ ഇടപെടല്‍. ആദ്യ റിപ്പോര്‍ട്ട് 2017 ജൂണ്‍ 22ന്. ഉള്ളടക്കം ഇങ്ങനെ. നെയ്യാറ്റിന്‍കരയില്‍ എസ്.െഎ ആയിരുന്ന കാലം മുതല്‍ കൊടുങ്ങാവിളയിലെ സ്വര്‍ണവ്യാപാരിയായ ബിനുവിന്റ വീട്ടില്‍ ഹരികുമാര്‍ നിത്യസന്ദര്‍ശകനാണ്. ഇരുവരും തമ്മിലുള്ള ബന്ധം ദുരൂഹതയുണ്ട്. നാട്ടുകാര്‍ക്കെല്ലാം ഇതറിയാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന ഈ പോക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ സ്ഥലത്ത് അക്രമമുണ്ടാകും. ഡി.വൈ.എസ്.പിയുടെ അവിഹിത ബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് വി.എസ്.ഡി.പി പരാതി നല്‍കിയപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ രണ്ടാമത്തെ മുന്നറിയിപ്പ്. 2018 ഏപ്രില്‍ മൂന്നിന്. ഇതിലും നടപടിയൊന്നുമുണ്ടായില്ല. പരാതികള്‍ വ്യാപകമായതോടെ ഡി.‍‍ജി.പി ലോക്നാഥ് ബഹ്റ തന്നെ നേരിട്ട് ഇന്റലിജന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏപ്രില്‍ 25ന് ഇന്റലിജന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ഡി.വൈ.എസ് പി സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു.

മാസം ഏഴു കഴിഞ്ഞു. നടപടിയെടുത്തില്ലെന്ന് മാത്രമല്ല, ഭരണരംഗത്തുള്ളവര്‍ തന്നെ ഹരികുമാറിന്റ വഴിവിട്ടപോക്കിന് ചൂട്ടുപിടിച്ചു. എം.വിന്‍സെന്റ് എം.എല്‍.എയുടെ അറസ്റ്റിനുശേഷം സി.പി.എം പ്രാദേശിക നേതൃത്വത്തിനും ഹരികുമാര്‍ പ്രിയപ്പെട്ടവനായി. ഒടുവിലത് നിരപരാധിയുടെ ജീവനെടുത്തു. ആവര്‍ത്തിച്ചുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പ് ഒരിക്കലെങ്കിലും ഡി.ജി.പി ലോക്നാഥ് ബഹ്റ ചെവിക്കൊണ്ടിരുന്നെങ്കില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബം അനാഥമാകുമായിരുന്നില്ല.