കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന്‍ ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവ പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാനായി മഞ്ജുവിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം മഞ്ജു വാര്യര്‍ സ്ഥിരീകരിച്ചാല്‍ അത് കേസ് അന്വേഷമത്തില്‍ വലിയ വഴിത്തിരിവാകും.

പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഫോണിലുണ്ടായിരുന്നുവെന്നും ഇവ കണ്ട മഞ്ജു വാര്യര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.

ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയില്‍ പറയുന്നു. ഇതോടെയാണു ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു വാരിയര്‍ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.