റോമി കുര്യാക്കോസ്
വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കി എ ഐ സി സി യുടെ കീഴിലുള്ള പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് – കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ. ഒരാഴ്ചയായി വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു ഐ ഒ സി വോളന്റിയർമാർ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്നതിനോടൊപ്പം സ്ഥാനാർഥികൾക്ക് വേണ്ടി വോട്ടഭ്യർഥിച്ചു കൊണ്ട് മണ്ഡലങ്ങളിൽ ഉടനീളം ഫ്ലെക്സും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.

ചേലക്കര പാലക്കാട് വയനാട് തുടങ്ങിയ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾക്കു യഥാവിധം ശശി തരൂർ എം പി, വി കെ ശ്രീകണ്ഠൻ എം പി ഷാഫി പറമ്പിൽ എം പി, ടി സിദ്ദിഖ് എം എൽ എ തുടങ്ങിയവരുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തങ്ങൾ ക്രോഡീകരിച്ചത്. പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാൻ എ ഐ സി സി സെക്രട്ടറിയും കർണാടക സർക്കാരിന്റെ കീഴിലുള്ള എൻ ആർ ഐ സെല്ലിന്റെ ചെയർപേഴ്സണുമായ ഡോ. ആരതികൃഷ്ണ നേരിട്ടെത്തിയതോടു കൂടി പ്രവർത്തനങ്ങൾ ചൂട് പിടിക്കുകയായിരുന്നു. ഒരാഴ്ചക്ക് മുൻപ് ഐ ഒ സി നടത്തിയ ടി ഷർട്ട് വിതരണത്തിന്റെ ഉദ്ഘാടനം കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിക്കും മുൻ മന്ത്രി എ പി അനിൽകുമാറും സംയുക്തമായി നിർവഹിച്ചിരുന്നു.

അവസാന ഘട്ടത്തിൽ പ്രവാസികളായ വോട്ടർമാരെ നാട്ടിലെത്തിക്കുവാനും നാട്ടിലുള്ള ബന്ധുക്കളെ പരമാവധി പോളിംഗ് ബൂത്തിലെത്തിക്കുവാനുമുള്ള പ്രവർത്തനത്തിലാണ് വോളന്റീർമാർ. യു കെയിൽ നിന്നെത്തിയ നിരവധി ഐ ഓ സി പ്രവർത്തകർ മണ്ഡലങ്ങളിൽ തമ്പടിച്ചാണ് പ്രചാരണ പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നത്. ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന് കീഴിലുള്ള ക്യാമ്പയ്‌നിങ് കമ്മിറ്റിയാണ് നാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കേരളത്തിൽ പ്രവർത്തങ്ങൾ ഏകോപിക്കുന്നത് കോർഡിനേറ്റർ ആയ അഷീർ റഹ്‌മാനാണ്.



Leave a Reply