കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ രഥയാത്ര നടത്താന്‍ ആര്‍.എസ്.എസ്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ നാളെ വാദം ആരംഭിക്കാനിരിക്കെയാണ് ആര്‍ എസ് എസ് രഥയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ അയോധ്യ മുതല്‍ തമിഴ്‌നാട്ടിലെ രാമേശ്വരം വരെയാണ് രഥയാത്ര.

മഹാരാഷ്ട്രയിലെ ശ്രീം രാംദാസ് മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യാത്ര ഫെബ്രുവരി 13ന് ആരംഭിക്കും. നാലുസംസ്ഥാനങ്ങിലൂടെ ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 23 വരെ 39 ദിവസത്തെ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. യു.പിക്കു പുറമേ തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് രഥയാത്ര കടന്നുപോകുക. രഥയാത്ര കടന്നുപോകുന്ന വഴിയില്‍ വന്‍സുരക്ഷയൊരുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക.