ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 118 റണ്‍സിന്റെ വമ്പന്‍ വിജയം. ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്റ്റോയുടെയും സെഞ്ചുറി മികവില്‍ സണ്‍റൈസേഴ്സ് 232 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ 113 റണ്‍സിന് പുറത്തായി .
54 പന്തില്‍ നിന്നാണ് വാര്‍ണര്‍ നാലാം ഐപിഎല്‍ സെഞ്ചുറി നേടിയത്. ടോപ് ഗിയറില്‍ തുടങ്ങിയ ജോണി ബെയര്‍സ്റ്റോ 52 പന്തില്‍ ആദ്യ ഐപിഎല്‍ സെഞ്ചുറി നേടി. 187 റണ്‍സ് കൂട്ടിച്ചേര്‍ത്ത വാര്‍ണര്‍ ബെയര്‍സ്റ്റോ ഐപിഎല്ലിലെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിനുള്ള റെക്കോര്‍ഡും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ ആദ്യസ്പെല്ലില്‍ തന്നെ 11 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി മുഹമ്മദ് നബി ബാംഗ്ലൂരിന്റെ അന്തകനായി . ബാംഗ്ലൂര്‍ നിരയില്‍ കോഹ്ലിയും ഡിവില്ലിയേഴ്സും അടക്കം ഏഴുപേര്‍ രണ്ടക്കം കടക്കാതെ പുറത്തായി .മൂന്നുറണ്ണൗട്ടുകള്‍ കൂടിചേര്‍ന്നതോടെ ബാംഗ്ലൂരിന്റെ ചരിത്രത്തിലെ വമ്പന്‍ തോല്‍വികളില്‍ ഒന്ന് ഹൈദരാബാദില്‍ കുറിക്കപ്പെട്ടു
മറ്റൊരു മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിന് മൂന്നാംജയം. അവസാനപന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8 റണ്‍സിന് തോല്‍പ്പിച്ചു. ചെന്നൈയുടെ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
3 വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന സൂപ്പര്‍ കിങ്സിനെ കൈപ്പിടിച്ചുയര്‍ത്തിയത് തലയുടേയും ചിന്നത്തലയുടേയും 61 റണ്‍സിന്റെ നാലാംവിക്കറ്റ് കൂട്ടുെകട്ട്. 32 പന്തില്‍ 36 റണ്‍സെടുത്താണ് റെയ്ന പുറത്തായത്. ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ ക്ഷമയോടെ പിടിച്ചു നിന്ന ധോണി ബ്രാവോയെ കൂട്ടുപിടിച്ച് ഇന്നിങ്സ് പടുത്തുയര്‍ത്തി. 16 പന്തില്‍ 27 റണ്‍സാണ് ബ്രാവോ അടിച്ചെടുത്തത്.
അവസാനഓവറിലെ അവസാന മൂന്ന് പന്തുകള്‍ ഗാലറിയിലെ മഞ്ഞക്കടലിലേക്ക് പറത്തി വിട്ട എം.എസ്.ഡി ഫിനിഷറുടെ റോള്‍ ഭദ്രമെന്ന് ഓര്‍മിപ്പിച്ചു.
മറുപടി ബാറ്റിങ്ങില്‍ അക്കൗണ്ട് തുറക്കും മുന്‍പേ ക്യാപ്റ്റന്‍ രഹാനെയെ റോയല്‍സിന് നഷ്ടമായി. 14 റണ്‍സെടുക്കുന്നതിനിടെ റോയല്‍സിന്റെ മൂന്ന് വിക്കറ്റ് വീണു. 39 റണ്‍സെടുത്ത ത്രിപാദിയുടേയും 28 റണ്‍സെടുത്ത സ്മിത്തിന്റേയും നാലാംവിക്കറ്റ് കൂട്ടുകെട്ട് റോയല്‍സിനെ കൈപിടിച്ചുയര്‍ത്തി.
അടിച്ചുകളിച്ച സ്റ്റോക്സും ആര്‍ച്ചറും കളിപിടിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അവാസന ഓവറില്‍ സ്റ്റോക്സിനേയും ഗോപാലിനേയും പറഞ്ഞയച്ച് റോയല്‍സിനെ സമ്മര്‍ദത്തിലാക്കിയ ബ്രാവോ ചെന്നൈയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. സ്റ്റോക്സ് 26 പന്തില്‍ 46 റണ്‍സും ആർച്ചർ പുറത്താകാതെ 11 പന്തില്‍ 24 റണ്‍സുമെടുത്തു.
Leave a Reply