രണ്ട് മാസത്തിലേറെ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പല്‍ സ്റ്റെന ഇംപരോ വിട്ടയച്ചു. അവശേഷിച്ചിരുന്ന 16 കപ്പല്‍ ജീവനക്കാരും മോചിതരായി.
സ്വീഡിഷ് ഉടമസ്ഥയിലുള്ള സ്റ്റെന ഇംപരോ ബ്രിട്ടന്റെ പതാകയാണ് വഹിക്കുന്നത്. എത്രയും പെട്ടെന്ന് ഇറാന്‍ സമുദ്ര പരിധിയില്‍ നിന്ന് നീങ്ങുമെന്ന് കപ്പല്‍ ഉടമസ്ഥര്‍ അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്റെ വിശദീകരണം.
യൂറോപ്യന്‍ യൂനിയന്‍ ഉപരോധം നിലനില്‍ക്കെ, സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഇറാന്റെ എണ്ണ കപ്പല്‍ ജിബ്രാള്‍ട്ടറില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു ജൂലൈ 19ന് ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്റ്റെന ഇംപരോ തെഹ്‌റാന്‍ പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമാവുകയും രണ്ട് യുദ്ധകപ്പലുകള്‍ ബ്രിട്ടന്‍ മേഖലയിലേക്ക് അയക്കുകയും ചെയ്തു.
ആഗസ്റ്റ് 18ന് ജിബ്രാര്‍ട്ടര്‍ കോടതി ഇറാന്‍ കപ്പല്‍ വിട്ടയച്ചതോടെയാണ് സ്റ്റെന ഇംപരോ കൈമാറാനുള്ള നടപടി ഇറാന്‍ ആരംഭിച്ചത്. എട്ട് ജീവനക്കാരെ നേരത്തെ ഇറാന്‍ മോചിപ്പിച്ചിരുന്നു.
Leave a Reply