ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാളെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി. രാജ്യത്തെ പിടിച്ചുലച്ച ബലാത്സംഗകേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇസ്മയില്‍ ജാഫര്‍സദേഹ്നെ ജനമധ്യത്തില്‍ തൂക്കിലേറ്റുന്നതിന്റെ ദൃശ്യം ഇറാന്റെ ഔദ്യോഗിക വെബ്സൈറ്റ് പുറത്തുവിട്ടു.

അര്‍ബേദില്‍ പ്രവിശ്യയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ പര്‍സാബാദിലാണ് വധശിക്ഷ നടപ്പാക്കിയത്. ജനങ്ങളുടെ സുരക്ഷിതത്വബോധം തിരിച്ചുപിടിക്കാനാണ് പരസ്യമായി തൂക്കിലേറ്റല്‍ നടപ്പാക്കിയതെന്ന് ഇറാന്‍ നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.ജൂണ്‍ 19നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇസ്മയില്‍ ജാഫര്‍സദേഹിന്റെ വീട്ടില്‍നിന്ന് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. രണ്ടുവര്‍ഷംമുമ്പ് സമാനരീതിയില്‍ ഒരു സ്ത്രീയെ ഇയാള്‍ കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. ആഗസ്ത് അവസാനം ആരംഭിച്ച കുറ്റവിചാരണ ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കി. സെപ്തംബര്‍ 11നാണ് പരസ്യവധശിക്ഷയ്ക്ക് ഇറാന്‍ സുപ്രീംകോടതി അംഗീകാരം നല്‍കിയത്.