ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിൽ വൻ തീപിടുത്തമുണ്ടായി അമ്പതോളം രോഗികൾ വെന്തുമരിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം ചില രോഗികൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മുതിർന്ന മന്ത്രിമാരുമായി അടിയന്തര ചർച്ച നടത്തി. നാസിരിയയിലെ ആരോഗ്യ സിവിൽ ഡിഫൻസ് മാനേജർമാരെ സസ്‌പെൻഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആശുപത്രി മാനേജർക്കെതിരെയും നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ആശുപത്രിക്ക് പുറത്ത് ജനങ്ങൾ പ്രതിഷേധവുമായി എത്തുകയും ചെയ്തു.