ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പൊതുജനത്തിന്റെ അഭിപ്രായം അറിയുന്നതിന് ഹിതപരിശോധന നടത്തുമെന്ന് അയര്‍ലന്‍ഡ്. അടുത്ത വര്‍ഷം ഹിതപരിശോധന നടത്താനാണ് പദ്ധതി. ഗര്‍ഭച്ഛിദ്രത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് അയര്‍ലന്‍ഡ്. ഗര്‍ഭസ്ഥ ശിശുവിനും ജീവിച്ചിരിക്കുന്നവരുടെ അതേ അവകാശങ്ങള്‍ തന്നെ നല്‍കുന്ന ഭേദഗതി അടുത്ത മെയിലോ ജൂണിലോ നടപ്പാക്കാനിരിക്കെയാണ് പുതിയ തീരുമാനം. നിയമത്തിലെ എട്ടാമത്തെ ഭേദഗതിയാണ് ഇത്.

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കണോ എന്ന കാര്യത്തില്‍ ജനങ്ങള്‍ ഇനി തീരുമാനമെടുക്കുമെന്നാണ് ലിയോ വരദ്കര്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് നല്‍കുന്ന അറിയിപ്പ്. നിയമത്തില്‍ വരുത്തിയ ഭേദഗതി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ക്യാംപെയ്‌നര്‍മാര്‍ ആവശ്യമുന്നയിച്ചു വരികയായിരുന്നു. ആറാമത്തെ മാര്‍ച്ച് ഫോര്‍ ചോയ്‌സ് ഡബ്ലിനിലും ലണ്ടനിലും നടക്കാനിരിക്കെയാണ് അയര്‍ലന്‍ഡ് നിലപാടില്‍ ഇളവ് വരുത്താനുള്ള സൂചന നല്‍കിയിരിക്കുന്നത്. ശനിയാഴ്ചയാണ് മാര്‍ച്ച്.

ഹിതപരിശോധന എന്നാണ് നടത്തുന്നതെന്നും എന്തൊക്കെയാണ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അറിയാന്‍ ആഗ്രഹിക്കുന്നതെന്നും നിരീക്ഷിക്കുകയാണെന്ന് ലണ്ടന്‍ ഐറിഷ് അബോര്‍ഷന്‍ റൈറ്റ്‌സ് ക്യാംപെയ്്ന്‍ എന്ന സംഘടന വ്യക്തമാക്കി. ഒരു വര്‍ഷത്തോളം നീളുന്ന പ്രചാരണ പരിപാടികള്‍ക്ക് തയ്യാറാണെന്നും സംഘടന അറിയിച്ചു. അയര്‍ലന്‍ഡിലെ ഗര്‍ഭച്ഛിദ്ര നിരോധനം നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ജൂലൈയില്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടിരുന്നു.