ഡബ്ലിൻ:  മലയാളി നേഴ്‌സുമാരുടെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു തൂവൽ കൂടി. ഈ വര്‍ഷത്തെ മേരി ഫ്രം ഡങ്‌ലോ എന്ന മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി മലയാളി നേഴ്‌സ്. എല്ലാ വര്‍ഷവും ജൂലൈ അവസാനത്തില്‍ അയർലണ്ടിലെ ഡോണിഗല്‍ കൗണ്ടിയിൽ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ഐറിഷ് മ്യൂസിക്കല്‍ ഫെസ്റ്റിവലില്‍ വെച്ചാണ് ഡോനിഗളിലെ ‘മേരി ഫ്രം ഡാഗ്ലോ’യെ തെരഞ്ഞെടുക്കുന്നത്. മത്സരത്തിന്റെ വിവിധ ഘട്ടങ്ങള്‍ കടന്ന് അവസാന മത്സരത്തിന് യോഗ്യത നേടിയത് അനില ദേവസ്യ എന്ന മലയാളി നേഴ്‌സ് ഉൾപ്പെടെ പതിനാല് മത്സരാത്ഥികളാണ് ഉള്ളത്.

കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച, പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവലില്‍ തിളങ്ങും താരമാണ് ഇത്തവണ അനില ദേവസ്യയെന്ന ഇടുക്കിക്കാരി മലയാളി പെണ്‍കൊടി. ലോക സുന്ദരി പട്ടത്തിനെന്ന പോലെ സൗന്ദര്യവും ബുദ്ധിയും കഴിവുകളുമൊക്കെ പരീക്ഷിക്കപെടുന്ന ഏറെ റൗണ്ടുകള്‍ക്ക് ശേഷമാണ് ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവലിന്റെ ഫൈനല്‍ മത്സരത്തിലേക്ക് അനില നടന്നുകയറിയത്.2017 ല്‍ ആദ്യമായി അയര്‍ലണ്ടില്‍ എത്തിയ അനിലയുടെ മത്സര രംഗത്തെക്കുള്ള  പ്രവേശം ഏറെ പ്രാധാന്യത്തോടെയാണ് അയര്‍ലണ്ടിലെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 1967 ല്‍ ആരംഭിച്ചതു മുതല്‍, ഡങ്‌ലോ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ എല്ലാ സമ്മറിലും, ഡൊണെഗലിന്റെ ‘പ്രാദേശിക ഉത്സവമായാണ്’ ആഘോഷിക്കുന്നതെങ്കിലും വന്‍ ജനക്കൂട്ടം ആണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുക. ഡൊണെഗേലിന്റെ വൈവിധ്യമാര്‍ന്നതും അതുല്യവുമായ ചരിത്രം ഓർമ്മപ്പെടുത്തുവാനും, കല, ഭക്ഷണം, ഭാഷ, സംഗീതം എന്നിവയുടെ സമന്വയത്തിലൂടെ, ഡൊണെഗേലിന്റെ പരമ്പരാഗത ഭൂതകാലത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകർന്ന് നൽകുവാനും വേദിയൊരുക്കുന്ന ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം ഡങ്‌ലോ മേരി’യുടെ തിരഞ്ഞെടുപ്പും, കിരീടധാരണവുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതാദ്യമായാണ് ഐറിഷ്‌കാരിയല്ലാത്ത ഒരാള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിക്കുന്നത്. അയര്‍ലണ്ടില്‍ പുതുതായി വേരുറയ്ക്കുന്ന വിവിധ രാജ്യക്കാരും,സംസ്‌കാരത്തില്‍ നിന്നുള്ളവരുമായ ആയിരക്കണക്കിന് പേര്‍ക്കുള്ള അംഗീകാരം കൂടിയായി അനില ദേവസ്യയുടെ ‘ഡണ്‍ഗ്ലോ മേരി’യിലേക്കുള്ള എന്‍ട്രി. ഇടുക്കിയിലെ നെടുങ്കണ്ടത്ത് ജനിച്ച് വളര്‍ന്ന്, അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക്ക് സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയില്‍ നഴ്‌സിംഗ് പഠനവും ട്രെയിനിംഗും കഴിഞ്ഞ ശേഷം ‘അയര്‍ലണ്ടിന്റെ ഏറ്റവും ഹരിതാഭമായ മേഖല ‘ തിരഞ്ഞെടുത്തെത്തിയ ഈ മിടുക്കി അയര്‍ലണ്ടിന്റെ മിടുമിടുക്കിയാവുമെന്ന് ഉറച്ച വിശ്വാസത്തിലാണ് കൗണ്ടി ഡൊണെഗേലിലെ ഇന്ത്യക്കാര്‍. സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷനും അനിലയ്ക്ക് എല്ലാ പിന്തുണയുമായി രംഗത്തുണ്ട്. ഇന്നലെ സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍ ഡങ്‌ലോയില്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ പാലക്കാട്ട് താമസിക്കുന്ന പ്ലാന്ററായ ദേവസ്യ കരിങ്കുറ്റിയിലിന്റെയും വത്സലമ്മയുടെയും മകളാണ് അനില. ഏക സഹോദരി അഖില എം എസ് ഡബ്‌ള്യൂ വിദ്യാര്‍ത്ഥിനിയാണ്.

അനില വളരെയധികം സന്തോഷത്തിലാണ്. മലയാളക്കരയെ പ്രതിനിധീകരിച്ച് ഒരു ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാനാവുന്നതിലാണ് ഏറെ സന്തോഷം. ഡബ്ലിനും, ഗോള്‍വേയും പോലെയുള്ള അയര്‍ലണ്ടിലെ നഗരങ്ങള്‍ ജോലിയ്ക്കായി തിരഞ്ഞെടുക്കമായിട്ടും സാംസ്‌കാരിക തലസ്ഥാനമായ ഈ കൊച്ചു ഗ്രാമം തന്നെ  അനില സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ഈ സാംസ്‌കാരിക പൈതൃക ഗ്രാമത്തിലെ ഏക മലയാളിയുമാണ് അനില.നൃത്തവും, സംഗീതവും ഏറെ ഇഷ്ടപ്പെടുന്ന അനില ഡങ്‌ലോയിലെ താമസക്കാരായ എല്ലാ ജനവിഭാഗങ്ങളുടെയും പ്രിയങ്കരിയായത് കുറഞ്ഞ കാലം കൊണ്ടാണ്. ഒരു ലോക്കൽ സമൂഹവുമായിട്ട് വളരെ പെട്ടെന്ന്  ആത്മബന്ധം സ്ഥാപിക്കാനായത് എങ്ങനെയാണെന്നതില്‍ സ്വയം അത്ഭുതപ്പെടുകയാണ് ഇടുക്കിയുടെ ഈ അത്ഭുത നായിക. ഡങ്‌ലോ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ നഴ്‌സായ അനില കിരീടം നേടിയാലും ഇല്ലെങ്കിലും ഇനി ജീവിതകാലം മുഴുവന്‍ ഡങ്‌ലോയുടെ അംബാസിഡറായിരിക്കും എന്നതാണ്  മത്സരത്തിന്റെ സവിശേഷത. ഓഗസ്റ്റ് നാലിനാണ് വിജയിയെ പ്രഖ്യാപിക്കുക.

Read more.. യുകെയിൽ മലയാളികളുടെ വീടുകൾ കവർച്ചയ്ക്ക് ലക്ഷ്യമിടുന്നു. കാരണക്കാർ മലയാളികൾ തന്നെയെന്ന് പോലീസ്. സ്വകാര്യത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ കർശന നിർദ്ദേശം.