ഫ്‌ളോറിഡ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇര്‍മ. ഫ്‌ളോറിഡയില്‍ കനത്ത നാശം വിതയ്ക്കുമെന്ന് കരുതുന്ന ഇര്‍മയെ നേരിടാന്‍ മുന്‍കരുതലുകളുമായി ഭരണകൂടങ്ങള്‍ നീങ്ങുമ്പോള്‍ വിചിത്രമായ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്‌ളോറിഡയിലെ തോക്കുടമകള്‍. ഇര്‍മയെ വെടിവെച്ചു വീഴ്ത്താനാണ് ആഹ്വാനം. ഫേസ്ബുക്കില്‍ നല്‍കിയിരിക്കുന്ന ആഹ്വാനത്തോട് പതിനായിരക്കണക്കിന് തോക്കുടമകളാണ് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്.

കൊടുങ്കാറ്റിനെ വെടിവെച്ചു വീഴ്ത്താനാകുമോ എന്ന സംശയം സ്വാഭാവികമായും ഉയരാം. അതിനും ഉത്തരമുണ്ട്. ഇര്‍മ ഉയര്‍ത്തുന്ന ആശങ്കയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ സൃഷ്ടിച്ച ഫേസ്ബുക്ക് ഇവന്റിന് ഇത്രയും പ്രതികരണങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഇവന്റ് സൃഷ്ടാവായ റ്യോന്‍ എഡ്വേര്‍ഡ്‌സ് പറയുന്നു. ബിബിസി ന്യൂസ്ബീറ്റ് ആയ 22 കാരനാണ് ഇയാള്‍. തമാശയ്ക്ക് ചെയ്ത കാര്യത്തിന് ഇത്രയും പ്രതികരണങ്ങള്‍ ലഭിച്ചതിന്റെ ഞെട്ടലിലാണ് ഇയാള്‍.

ചിലര്‍ ഇതിനെ വളരെ ഗൗരവമായാണ് എടുത്തത്. തോക്കുമെടുത്ത് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഞാന്‍ വെറുതെയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, കൊടുങ്കാറ്റിന്റെ കേന്ദ്രമാണ് എന്റെ ലക്ഷ്യം എന്നൊക്കെ ആളുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങി. വെടിവെക്കുന്നത് കൊടുങ്കാറ്റിന്റെ ദേഷ്യം വര്‍ദ്ധിപ്പിക്കില്ലേ എന്ന് ചോദിച്ചവരും നിരവധി. കൊടുങ്കാറ്റിനെ ശാസ്ത്രീയമായി വെടിവെക്കാനുള്ള ഡയഗ്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും തന്റെ ഒരു ഭ്രാന്തന്‍ ആശയം കൈവിട്ടു പോയതിന്റെ ഞെട്ടലിലാണ് എഡ്വേര്‍ഡ്‌സ്. കരീബിയനില്‍ നാശം വിതച്ച ഇര്‍മ 22 പേരുടെ മരണത്തിനു കാരണമായിട്ടുണ്ട്.