ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഈ എഴുത്തു കണ്ടാരും ഞെട്ടണ്ട ….ഇതിനർത്ഥം എഴുതിയ ആൾ അങ്ങനെ ആണെന്നോ അല്ലങ്കിൽ നിങ്ങൾ അങ്ങനെ ആകണമെന്നോ അല്ല . ഇവിടെ പരാമർശിക്കുന്ന കാര്യങ്ങൾ ഒരു പച്ച മനുഷ്യൻ എങ്ങനെ ആയിരിക്കും എന്നത് മാത്രമാണ് ….

35 വർഷത്തിന് ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഒളിച്ചോടിയാതൊക്കെ നമ്മൾ ഇത്രമാത്രം ചർച്ച ആക്കേണ്ട കാര്യമുണ്ടോ ?
ഒരാൾ ഒരാളെ വിവാഹം ചെയ്തുവെന്നതിനർത്ഥം വിവാഹം ചെയ്തു എന്ന് മാത്രമാണ് …അല്ലാതെ അയാൾ മരിച്ചുവെന്നല്ലല്ലോ ?

ജീവനുള്ള ഒരാൾക്കൊരാളോട് എപ്പോൾ വേണമെങ്കിലും ഇഷ്ടം തോന്നാം, ചിലർ അതിനെ കൺട്രോൾ ചെയ്യുന്നു, മറ്റു ചിലർ ത്രിശങ്കു സ്വർഗത്തിൽ പെട്ടപോലെ മറ്റുള്ളവരെ പേടിച്ചു അടങ്ങിയിരിക്കുന്നു , ഇനി മറ്റുചിലർക്ക് അവരുടെ കൺട്രോൾ പോകുന്നു , ഒളിച്ചോടുന്നു ചർച്ച വിഷയമാകുന്നു .
ഇന്നത്തെ കാലത്തു ഇതൊന്നും ഇത്ര വിളംബരം ചെയ്യേണ്ടുന്ന കാര്യമൊന്നുമല്ല . ഇനി ഇതൊക്കെ പാപമാണ് ,കൊള്ളരുതാത്തതാണ് , സ്വർഗ്ഗം കിട്ടില്ല എന്നൊക്കെ നിശ്ചയിക്കുന്നത് നമ്മൾ ജീവിക്കുന്ന, വളർന്നുവന്ന സമൂഹത്തെ ആശ്രയിച്ച് ഇരിക്കുന്നു . കാരണം നമ്മൾ കണ്ടതും കേട്ടതും വളർന്നതുമൊക്കെ ഏകഭാര്യത്വം, വിശ്വസ്തത എന്നിവക്ക് വലിയ മൂല്യംനൽകിയാണ് .

നമ്മൾ എല്ലാവരും മനുഷ്യർ മാത്രമാണ്. നമ്മൾ ആരെയാണ് ആകർഷിക്കുന്നത് എന്നതിൽ നമ്മൾക്ക് ഒരു നിയന്ത്രണവും ഇല്ല . ആർക്കും ആരോട് വേണമെങ്കിലും എപ്പോ വേണമെങ്കിലും ഇഷ്ടം തോന്നാം. അതിലൊക്കെ നിയന്ത്രണം വരുത്താൻ വല്യ പാടാണ് .

ഇതറിയണേൽ സ്വവർഗാനുരാഗിയാണെന്നതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്ത ഒരാളോട് ചോദിക്കൂ. അവർ അവർപോലും നിനച്ചിരിക്കാത്ത സന്ദർഭത്തിലായിരിക്കാം അങ്ങനൊരു ആകർഷണത്തിലേക്ക് പോയത് .

അപ്പോൾ പറഞ്ഞു വന്നത് നമ്മടെ കല്യാണം കഴിഞ്ഞുവെന്ന് പറഞ്ഞു നമ്മളുടെ ബ്രയിൻറെ ആക്ടിവിറ്റി നിന്നുപോകുന്നില്ല .നമുക്ക് ഇപ്പോഴും കൗതുകങ്ങൾ ഉണ്ടാകും. ചില ആളുകളെ കാണുമ്പോൾ അയ്യോ അവരായിരുന്നു കൂടുതൽ ഭേദമെന്ന് തോന്നലുണ്ടാക്കാം. അതെ. അതൊക്കെ സാധാരണമാണ്. പക്ഷേ നമ്മൾ പഠിച്ചറിഞ്ഞ മാനുഷീക മൂല്യങ്ങൾ പല മാനുഷീക വികാരങ്ങളെയും വളരെ അടക്കി ഒതുക്കി വക്കേണ്ടതാണെന്ന് പഠിപ്പിക്കുന്നു .

ചിലർ അതൊരു തപസ്യ പോലെ കൊണ്ടുനടക്കുമ്പോൾ മറ്റു ചിലർ അത് പൊട്ടിച്ചെറിയുന്നു . അത് പാടില്ല ഇത് പാടില്ല എന്ന് പറഞ്ഞു നിഷേധിക്കുന്നതിൽ നിന്ന് തന്നെ ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം പ്രശ്നങ്ങൾ ഉടലെടുക്കുന്നുണ്ട് . അതിനാൽ നിങ്ങൾക്ക് ഒരാളിലേക്ക് ആകർഷിക്കപ്പെടുന്നത് പ്രധാനമാണെങ്കിൽ അവരിലേക്ക് ആകർഷിക്കപ്പെടണം.അതിലെന്താണ് ഇത്ര തെറ്റ് ?

നിങ്ങളുടെ ദാമ്പത്യത്തിന് പുറത്തുള്ള ഒരാളോട് വികാരങ്ങൾ ഉണ്ടെങ്കിൽ എന്തുചെയ്യണം എന്നതിനുള്ള കറക്ടായ ഉത്തരം ഒന്നുമല്ല. ഇത് ഒരാളുടെ സ്വകാര്യ ചിന്തയും ആകർഷണവും ആണെങ്കിൽ മറ്റാർക്കും ഇതിൽ ഒന്നും ചെയ്യാനുമില്ല.

അതായത് മറ്റൊരു വ്യക്തിയുമായുള്ള നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ ഒരു ദിവാസ്വപ്നം കാണുന്നതിൽ എന്താണ് തെറ്റ് ?അല്ലെങ്കിൽ വേറൊരാളെക്കുറിച്ചു ഭാവനയിൽ സ്വയംഭോഗം ചെയ്യുകയാണെങ്കിൽ പോലും, നിങ്ങളുടെ ബന്ധ ഉടമ്പടി ലംഘിക്കാൻ നിങ്ങൾ യഥാർത്ഥത്തിൽ ഒന്നും ചെയ്തിട്ടില്ല . അത് നിങ്ങൾക്ക് അവകാശമുള്ള നിങ്ങളുടെ തലയിലെ സ്വകാര്യ ചിന്തകൾ മാത്രമാണ്. ഇവിടെ ഞാൻ ഈ പറയുന്നത് ഒരു മതാടിസ്ഥാനത്തിലോ നമ്മുടെ സംസ്കാരത്തിലോ ഉള്ളതല്ല. വെറും പച്ചയായ മനുഷ്യന്റെ വികാരങ്ങൾ വരച്ചു കാട്ടുന്നുവെന്ന് മാത്രം .

ഇനി നമുക്ക് കാര്യത്തിലേക്ക് വരാം …നിങ്ങളുടെ ദാമ്പത്യത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ നിങ്ങൾക്ക് മറ്റൊരു വ്യക്തിയിൽ താല്പര്യമുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ , അത് ഉടനെ പരിഹരിക്കേണ്ടതുണ്ട്. അതിനായി വിവിധയിനം തെറാപ്പികൾ ഇന്നുണ്ട് …
മറ്റൊരു വ്യക്തിയോടുള്ള ആകർഷണം നിങ്ങളുടെ ബന്ധത്തിൽ എന്തെങ്കിലും തെറ്റുണ്ടെന്നതിന്റെ സൂചകമാകണമെന്നില്ല. മറിച്ചു നിങ്ങൾ നിങ്ങൾക്കിഷ്ടപെട്ട ആ വ്യക്തിയെ വളരെ നിഷ്കളങ്കമായ ലെൻസിലൂടെ മാത്രം കാണുന്നുണ്ടാകാം, കാരണം നിങ്ങൾ അവരോടൊപ്പം ഇത് വരെ താമസിച്ചിട്ടില്ല.അതിനാൽ അവിടെയാണ് സ്വർഗ്ഗമെന്ന് നിങ്ങൾ കരുതുന്നു .

നമുക്കറിയാവുന്ന റോമിയോ ജൂലിയറ്റും,ലൈല മജ്നുവും, കാഞ്ചനമാല മൊയ്തീനുമൊക്കെ ഇന്നും വളരെ അറിയപ്പെടുന്ന കമിതാക്കളായി ഇന്നും നമ്മുടെ മനസ്സിൽ തുടരുന്നത് അവർ ഒന്നും കല്യാണം കഴിച്ചു കൂടെ താമസിക്കാതെ മരണപ്പെട്ടത് കൊണ്ട് മാത്രമാണ് .
കൂടെ താമസിച്ചു തുടങ്ങുമ്പോൾ മാത്രമാണ് നമ്മൾക്ക്‌ മറ്റൊരാളുടെ ചൂടും തണുപ്പും മണവുമൊക്കെ അറിയാൻ കഴിയുന്നത് .
അല്ലാത്തതെല്ലാം ദൂരെനിന്ന് കാണുന്ന നല്ല കളർഫുള്ളായ മയിലാട്ടത്തിന് സമാനം. കാരണം മയിൽ എത്രമാത്രം ശല്യപ്പെടുത്തുന്ന ഒന്നാണെന്നറിയാണേൽ ഒരു ദിവസം അതിനെ വീട്ടിൽ താമസിപ്പിക്കണം . അതിനാൽ മനസിലാക്കുക ജീവിതം എന്നത് രണ്ടു മണിക്കൂർ കൊണ്ട് റൊമാന്റിക്കായി മാത്രം തീരുന്ന ഒരു സിനിമയല്ല ….