മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ദുരൂഹതകള്‍ ഏറെയുള്ള വ്യക്തിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. കൗശലങ്ങളുടെ പ്രതീകമായി കരുതുന്ന മൃഗമായ കുറുക്കനെ അനുസ്മരിക്കുന്നതാണ് പുടിന്റെ മുഖഭാവങ്ങള്‍. 2000 മുതല്‍ റഷ്യയുടെ അനിഷേധ്യ നേതാവും വീരനായകനുമായി തുടരുന്ന പുടിന്‍ പടിഞ്ഞാറന്‍ ലോകത്തിന് പലപ്പോഴും വില്ലനും തലതിരിഞ്ഞവനുമാണ്. റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സക്രിപാലിനെയും മകളേയും വിഷരാസവസ്തു പ്രയോഗിച്ച് ബ്രിട്ടണില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചത് ബ്രിട്ടണും റഷ്യയും തമ്മിലുള്ള ബന്ധം വളരെയധികം വഷളാകാന്‍ കാരണമായിട്ടുണ്ട്. ലോകസമാധാനത്തിന് ഭീഷണിയാകുംവിധം പഴയ ശീതയുദ്ധം മടങ്ങിവരുമോ എന്നുപോലും ലോകജനത സംശയിച്ച പ്രസ്തുത സംഭവം പുടിന്റെ വില്ലത്തരങ്ങളില്‍ അവസാനത്തേതാണ്. എന്നാല്‍ റഷ്യന്‍ ജനതയ്ക്കിടയില്‍ ഒരു വീര പരിവേഷമാണ് വ്‌ളാഡിമര്‍ പുടിനുള്ളത്. റഷ്യന്‍ രാഷ്ട്രീയത്തില്‍ എതിരാളികളില്ലാതെ മുന്നേറുന്ന പുടിനെക്കുറിച്ച് ധാരാളം വീരകഥകളാണ് റഷ്യയിലുള്ളത്. ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക് ബെല്‍റ്റുള്ള പുടിന്‍ ഇപ്പോഴും സ്ഥിരമായി പരിശീലനം നടത്തുന്നുണ്ട്. 21 കിലോ ഗ്രാം തൂക്കമുള്ള ഉലക്ക മീനിനെ (ആരോൻ ) ഒറ്റയ്ക്ക് പിടിച്ചതും മൃഗശാലയില്‍ കൂടുതകര്‍ത്ത് സന്ദര്‍ശകര്‍ക്ക് നേരെ പാഞ്ഞ സൈബീരിയന്‍ കടുവയെ തനിയെ നേരിട്ടതുമെല്ലാം പുടിന്റെ സാഹസിക കഥകളില്‍ ചിലതുമാത്രമാണ്.
1952 ഒക്ടോബര്‍ ഏഴിന് ഇപ്പോള്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് എന്ന അറിയപ്പെടുന്ന ലെനിന്‍ഗ്രാഡില്‍ ഫാക്ടറി തൊഴിലാളിയുടെ മകനായി ജനിച്ച പുടിനെക്കുറിച്ച് അറിയപ്പെടാത്ത കഥകളാണ് കൂടുതല്‍ തന്റെ മുത്തച്ഛന്‍ സ്റ്റാലിന്റെയും സോവിയറ്റ് യൂണിയന്റെ സ്ഥാപക നേതാവായ ലെനിന്റെയും പാചകക്കാരനായിരുന്നെന്ന് പുടിന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയപ്പോഴാണ് ലോകം അറിഞ്ഞത്. എന്നാല്‍ ഇതിലുമുപരിയായി ആരാധകരെ ആവേശം കൊള്ളിക്കുകയും ലോകജനതയെ അതിശയിപ്പിക്കുകയും ചെയ്യുന്നതാണ് വ്‌ളാഡിമിര്‍ പുടിന്‍, മരണമില്ലാത്തവനാണെന്നും അദ്ദേഹം ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന കഥകളും തെളിവായി പ്രചരിക്കുന്ന ഫോട്ടോകളും.
സോഷ്യല്‍ നെറ്റ് വര്‍ക്കിലാണ് പുടിന്റെ 1920ലേയും 1941ലേയും ഫോട്ടോയെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങള്‍ ഉള്ളത്. ഇതിനെ തുടര്‍ന്ന് ദി ടെലിഗ്രാഫും ഡിസ്‌ക്ലോഷര്‍ ടിവിയും വിശദമായ വാര്‍ത്ത തന്നെ നല്‍കിയിരുന്നു.
ചിത്രങ്ങളില്‍ വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ നൂറുവര്‍ഷത്തിലേറെയായി രൂപഭാവങ്ങില്‍ കാര്യമായ വ്യത്യാസങ്ങളില്ലാതെ കാലത്തെ അതിജീവിക്കുന്ന അമര്‍ത്യനായാണ് കാണപ്പെടുന്നത്. 1920ല്‍ എടുക്കപ്പെട്ട ഒരു ചിത്രത്തില്‍ ഒന്നാം മഹായുദ്ധത്തില്‍ പങ്കെടുക്കുന്ന റഷ്യന്‍ പടയാളിയോടാണ് പുടിന്റെ രൂപസാദൃശ്യം. 1941ല്‍ എടുത്ത മറ്റൊരു ഫോട്ടോയില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുന്ന ഒരു റഷ്യന്‍ പടയാളിയോട് പുടിന് വളരെയേറെ സൗഭാഗ്യമുണ്ട്. ഇതോടൊപ്പം തന്നെ 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ജനറലിനോട് പുടിന് സാമ്യമുണ്ട്.
വളരെയേറെ രഹസ്യാത്മകതയും ഇരുമ്പുമറയും സ്വകാര്യ ജീവിതത്തില്‍ സൂക്ഷിക്കുന്ന പുടിന്‍ അമര്‍ത്യത സംബന്ധിച്ച വാര്‍ത്തകള്‍ വെറും കെട്ടുകഥകള്‍ മാത്രമാണെങ്കിലും വ്‌ളാഡിമിര്‍ പുടിന്‍ എന്ന റഷ്യന്‍ നേതാവിന്റെ ഉദയവും വളര്‍ച്ചയും ലോക രാഷ്ട്രീയത്തില്‍ കഴിഞ്ഞ രണ്ട് ദശകമായി ചെലുത്തുന്ന സ്വാധീനവും വളരെയേറെ ദുരൂഹത ഉണര്‍ത്തുന്നതാണ്. എന്തായാലും എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത പുടിന്റെ നിലപാടുകള്‍ തന്നെയാവും വരും കാലങ്ങളില്‍ ലോക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക.
[…] […]