മെട്രിസ് ഫിലിപ്പ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC), എന്ന രാഷ്ട്രീയപാർട്ടി ഇന്ത്യയുടെ ഒരു വികാരമായിരുന്നില്ലേ! ഈ പ്രസ്ഥാനത്തിന്റെ പിന്നിലായി ലക്ഷക്കണക്കിന് അണികൾ ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി, അണിനിരന്നതല്ലേ! ജനലക്ഷങ്ങളുടെ മനസ്സിൽ, ആവേശം, കൊള്ളിച്ചിരുന്ന, ഏക രാക്ഷ്ട്രീയ പാർട്ടിയായിരുന്നു INC. അധികാരത്തിന്റെ 60 വർഷങ്ങൾ കൊണ്ട്, പാർട്ടിയെ സ്നേഹിക്കാത്ത, അധികാര കൊതികൊണ്ട്, അഴിമതിയും ധൂർത്തും കാണിച്ച നേതാക്കൾ, നശിപ്പിച്ച, ഈ പാർട്ടി ഇന്ന് ഒരു മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിനെ പോലെ ആയി തീർന്നിരിക്കുന്നു.

മുങ്ങികൊണ്ടിരിക്കുന്ന കപ്പലിൽ നിന്നും, ആദ്യം ലൈഫ് ജാക്കറ്റ് അണിഞ്ഞുകൊണ്ട്, ചെറിയ ബോട്ടിൽ കയറി രക്ഷപ്പെടാൻ, ആളുകൾ ഇടി കൂടും. ഇടിച്ചു, മറിഞ്ഞു ചാടി ആദ്യം കയറി പോകുന്നവർ രക്ഷപ്പെടും, കൂടാതെ, ബോട്ടിൽ ഇടം കിട്ടാത്തവർ, ലൈഫ് ജാക്കറ്റ് അണിഞ്ഞുകൊണ്ട് കടലിലേയ്ക്ക് എടുത്തു ചാടും. ചിലർ നീന്തി രക്ഷപ്പെടും എന്നാൽ ചിലർ മുങ്ങി മരിക്കും. അങ്ങനെ നീന്തി മറ്റൊരു കരയിൽ രക്ഷപ്പെട്ടു ചെല്ലുന്നവർക്ക് ഭയങ്കര മൈലേജ് ആണ് സമൂഹത്തിൽ. വന്നപാടെ നല്ല സദ്യയും കസേരയും ഒക്കെ നൽകികൊണ്ട് അവരെ ആദരിക്കും. ഇതേ അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ സംഭവിച്ചിരിക്കുന്നത്. കുറേ നേതാക്കൾ, പാർട്ടി വിട്ട് മറ്റ് പാർട്ടികളിൽ ചേർന്ന് രക്ഷപെട്ടു. ഇനിയും പാർട്ടി വിട്ടു പോകേണ്ടവർ, ഓടി രക്ഷപെട്ടുകൊള്ളുക.

പാർട്ടിയുടെ ചിഹ്നമായ കൈപ്പത്തി, നെഞ്ചോട് ചേർത്തു പിടിച്ച അണികൾ “നാഷണൽ കോൺഗ്രസ് സിന്ദാബാദ്” എന്ന് ആവേശത്തോടെ മുദ്രവാക്യം വിളിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്നവർ ഗ്രൂപ്പ് നേതാക്കളുടെ പേര് മാത്രം മുദ്രവാക്യം മാത്രമാക്കി മാറ്റിയിരിക്കുന്നു.

കേന്ദ്രത്തിൽ 60 വർഷങ്ങൾക്ക് മേലെ, ഭരിച്ച പാർട്ടിക്ക്‌ ഇന്ന് ഒരു പ്രതിപക്ഷ നേതാവിനെ പോലും ഇലക്ട് ചെയ്യുവാൻ ഉള്ള പാർട്ടി എം.പി. മാർ പോലും ഇല്ലതായിരിക്കുന്നു. ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി പ്രസിഡന്റ് പോലും ഇല്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു.

കോൺഗ്രസ് പാർട്ടി അധികാരത്തിൽ ഇനി വരുമോ? ഒറ്റവാക്കിൽ പറഞ്ഞാൽ “ഇല്ല”, നീട്ടി പരത്തി പറഞ്ഞാൽ, സാധ്യത വളരെ കുറവ്. വർഷങ്ങൾക്ക് മുൻപ്, ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും,കോൺഗ്രസ് സർക്കാർ ആയിരുന്നു ഭരിച്ചിരുന്നത്. എന്നാൽ സ്വന്തം നേട്ടത്തിന് വേണ്ടി, ഈ പാർട്ടിയിൽ നിന്നും പുറത്തുപോയി, പുതിയ പ്രാദേശിക പാർട്ടി രൂപീകരിച്ച് അവർ ഭരിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ പതാക പാറിക്കളിച്ചിരുന്ന സ്‌റ്റേറ്റുകളിൽ ഇപ്പോൾ ബിജെപിയുടെ കാവികൊടിയാണ് പാറികളിക്കുന്നത് എന്ന് മാത്രം.

കേരളത്തിൽ പ്രതിപക്ഷനേതാവ്, കെപിസിസി പ്രസിഡന്റ് എന്നിവരെ മാറ്റിയത് കൊണ്ട് ഈ പാർട്ടി രക്ഷപ്പെടുമോ. അത് തൊലിപ്പുറത്തുള്ള മരുന്നു പുരട്ടൽ മാത്രമേ ആകുകയുള്ളൂ. മുറിവുണങ്ങണമെങ്കിൽ, അകത്തും കൂടി മരുന്ന് പുരട്ടണം. കൂടാതെ തലമുറ മാറണം. സീനിയർ ആയ നേതാക്കൾക്ക് വേണ്ടി കെപിസിസി സീനിയർ എന്ന കമ്മറ്റി രൂപീകരിച്ചുകൊണ്ടും, അത് ഉപദേശ കമ്മറ്റിയും ആക്കുക.
എല്ലാ ഗ്രൂപ്പ് നേതാക്കളും സ്വയംമാറണം.ഇല്ലങ്കിൽ നാണം കെട്ട് ഇറങ്ങി പോകേണ്ടി വരും. ബൂത്ത് തലം മുതൽ പുതിയ ഭാരവാഹികൾ ഉണ്ടാകണം. എല്ലാ പോഷകസംഘടന ഭാരവാഹികളും മാറ്റണം. അണികൾക്ക് ആവേശം ഉണ്ടാക്കുന്ന നേതാവ് ആകണം ,കെപിസിസി പ്രസിഡന്റ്. ഈ പാർട്ടിയെ ശക്തിപ്പെടുത്തുന്ന നേതാവ് വരട്ടെന്നേ. ശക്തനായ പ്രസിഡന്റ് വന്നില്ലങ്കിൽ 2024 ലെ ലോക് സഭാ ഇലക്ഷനിൽ 20ൽ 8 സീറ്റ് പോലും യുഡിഫിന് കിട്ടില്ല എന്ന് ഉറപ്പാണ്. 2024 ലെയും 2026 ലെയും സ്ഥാനാർത്ഥികളെ ഇപ്പോഴെ തീരുമാനിച്ചു കൊണ്ട് മണ്ഡലത്തിൽ പ്രവർത്തിക്കാൻ പറയുക. പ്രിയമുള്ള കോൺഗ്രസ് പ്രവർത്തകരെ ഇനി മുതൽ ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് മാത്രം വിളിക്കുക. ഒരു ഗ്രൂപ്പ് നേതാവിനും, ഇനി കീ ജയ് വിളിക്കല്ലേ. ആളുകൾ ചിരിക്കും…

ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്