പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായ ആളില്ലാ വിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കാന്‍ സജ്ജമാണെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇന്ത്യക്ക് വേണ്ട 50 ഹെറോണ്‍ ഡ്രോണുകള്‍ (ആളില്ലാ വിമാനങ്ങള്‍) നല്‍കുമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസാണ് ഹെറോണ്‍ ഡ്രോണുകള്‍ നിര്‍മിക്കുന്നത്. നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ള ഡ്രോണുകളാണ് ഹെറോണ്‍. 50 കോടി ഡോളറിന്റെ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച് കൃത്യമായ ലക്ഷ്യത്തിലേക്ക് എത്താനും ഹെറോണിന് സാധിക്കും.
470 കിലോഗ്രാം ആയുധങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള ഹെറോണ്‍ ഡ്രോണ്‍ 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. അതിര്‍ത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാന്‍ വരെ ശേഷിയുള്ളതാണ് ഹെറോണ്‍. ഡ്രോണിന്റെ നീളം 8.5 മീറ്ററും വിങ്‌സ്പാന്‍ 16.6 മീറ്ററുമാണ്.
ഇസ്രയേല്‍ വ്യോമസേനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ഹെറോണ്‍. ഫ്രാന്‍സ്, തുര്‍ക്കി, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഹെറോണ്‍ ഉപയോഗിക്കുന്നുണ്ട്. ഭീകരരുടെ താവളം കണ്ടെത്തി ആക്രമണം നടത്താന്‍ ഹെറോണിന് സാധിക്കും. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങള്‍ തല്‍സമയം പകര്‍ത്തി കമാന്‍ഡകോളുടെ കേന്ദ്രത്തിലേക്ക് എത്തിച്ചുക്കൊടുക്കും.
ഇതിനാല്‍ തന്നെ ഭീകരര്‍ക്കെതിരെ കൃത്യമായി തിരിച്ചടിക്കാന്‍ കമാന്‍ഡോകള്‍ക്ക് കഴിയും. ഭീകരരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഹെറോണ്‍ ടെക്‌നോളജിക്ക് സാധിക്കുന്നതിനാല്‍ തന്ത്രപരമായി മിഷന്‍ നടത്താനാകും. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകള്‍ കമാന്‍ഡോകള്‍ക്ക് വലിയ സഹായമായാണ്.
പത്താന്‍കോട്ട് വ്യോമത്താവളം ആക്രമിക്കാനെത്തിയ ഭീകരരുടെ നീക്കത്തെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ആളില്ലാ വിമാനങ്ങള്‍ നല്‍കിയിരുന്നു. ഇരുട്ടില്‍ മനുഷ്യന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഇസ്രായേല്‍ നിര്‍മിത ഹെറോണ്‍ ആളില്ലാ വിമാനങ്ങള്‍.