പാലസ്തീൻ-ഇസ്രയേൽ സംഘർഷത്തിൽ തങ്ങളെ പിന്തുണച്ച രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്വിറ്ററിലൂടെയാണ് നെതന്യാഹുവിന്റെ നന്ദി പ്രകാശനം. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന 25 രാജ്യങ്ങളുടെ പതാക പങ്കുവെച്ചായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. ഇതിൽ ഇന്ത്യൻ പതാക ഉൾപ്പെടുത്തിയിട്ടില്ല. ഇതേതുടർന്ന് ട്വിറ്ററിൽ ട്രോൾമഴ തീർക്കുകയാണ് ചിലർ.

നെതന്യാഹുവിന്റെ ട്വീറ്റിന് താഴെ ഇന്ത്യാ സ്റ്റാന്റ് വിത്ത് യൂ എന്ന് ചില സംഘപരിവാർ അനുകൂലികൾ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെയാണ് മറ്റൊരു കൂട്ടർ ട്രോളുന്നത്. ഞങ്ങളെ മറന്നോ, ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്നും ചിലർ കമന്റ് ചെയ്തിരുന്നു.
പാലസ്തീൻ ആക്രമണത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യയിലെ സംഘപരിവാർ അനുകൂലസംഘടനകൾ സ്വീകരിച്ചിരിക്കുന്നത്. ഇതോടെയാണ് നന്ദി പറയാൻ മടിച്ച നെതന്യാഹുവിന്റെ ട്വീറ്റിൽ ഓർമ്മപ്പെടുത്തലുമായി ചിലരെത്തിയത്.

നേരത്തെ ഗാസയിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തെ വിമർശിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. ആക്രമണത്തിൽ മലയാളി സ്ത്രീ ഉൾപ്പെടെ മൂന്നുപേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്.

  നെതന്യാഹു യുഗത്തിന് അവസാനം; ഐക്യസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടി, ഇസ്രയേലില്‍ നഫ്ത്താലി ബെനറ്റ് ഇനി പ്രധാനമന്ത്രി

പാലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തെ ഭയന്ന് പതിനായിരത്തോളം പാലസ്തീനികൾക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോർട്ടുണ്ടായിരുന്നു. കിഴക്കൻ ഗാസയിൽ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിലാണ് പാലസ്തീനികൾ അഭയം തേടിയിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ 39 കുട്ടികളടക്കം 140 പാലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 950 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.