ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നല്‍കി ഇറാന്റെ വിദേശകാര്യമന്ത്രാലയം. തടവിലുള്ളവര്‍ക്ക് കോണ്‍സുലര്‍ ആക്‌സസ് നല്‍കുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം 13-നാണ് ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സംഘത്തിലെ ഏക വനിതയായിരുന്ന ഡെക് കേഡറ്റായ തൃശ്ശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു.
എം.എസ്.സി. ഏരീസ് എന്ന ചരക്കുകപ്പലാണ് ഇറാന്‍ തട്ടിയെടുത്തത്. ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. മനുഷ്യത്വപരമായ നടപടി എന്ന നിലയ്ക്കാണ് കപ്പല്‍ വിട്ടയയ്ക്കുന്നതെന്ന് ഇറാന്‍ വിദേശമന്ത്രി അമീര്‍ അബ്ദുള്‍ അയാന്‍ പറഞ്ഞു.
കപ്പല്‍ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വളരെ ഗൗരവമായ ആലോചനയിലാണ് എന്നാണ് അമീര്‍ അബ്ദുള്‍ അയാന്‍ അല്‍പസമയംമുമ്പ് മാധ്യമങ്ങളോട് പറഞ്ഞത്. കപ്പല്‍ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് നേരത്തേതന്നെ തങ്ങള്‍ വിവിധ അംബാസിഡര്‍മാരുമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ജീവനക്കാരാണ് കപ്പലിലുള്ളത്. അവരെയൊക്കെതന്നെ അവരുടെ എംബസികള്‍ മുഖേന വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈമാറിയിട്ടുണ്ട് എന്നാണ് ഇപ്പോള്‍ ഇറാന്റെ വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.
ദുബായില്‍നിന്നും മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗിക സേനാവിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) പിടിച്ചെടുത്തത്.
തുറമുഖനഗരമായ ഫുജൈറയ്ക്ക് സമീപത്തുവെച്ചാണ് ഹെലികോപ്ടറിലൂടെ കപ്പലിന്റെ മേല്‍ത്തട്ടിലേക്ക് കമാന്‍ഡോകളെ ഇറക്കി ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി. പോര്‍ച്ചുഗല്‍ പതാക വഹിച്ച കപ്പല്‍ പിടിച്ചെടുത്തയുടന്‍ സൈന്യം ഇറാന്‍ ജലാതിര്‍ത്തിയിലേക്ക് മാറ്റിയിരുന്നു. ഇസ്രായേലി ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന് കീഴിലുള്ളതാണ് ഈ കപ്പല്‍. ഇറ്റാലിയന്‍-സ്വിസ് ഷിപ്പിങ് കമ്പനി എം.എസ്.സിയാണ് കപ്പല്‍ നിലവില്‍ സര്‍വീസ് നടത്തുന്നത്.
Leave a Reply