ഹമാസിന്റെ മിസൈലാക്രമണത്തിനു പ്രതികാരമായി ഇസ്രയേൽ സേനകൾ ഗാസയിൽ വൻ ആക്രമണമാണ് നടത്തുന്നത്. ഗാസ സിറ്റിക്കു മുകളിൽ ഒരേസമയം പറന്നത് 160 ഓളം യുദ്ധവിമാനങ്ങളാണ്. ഗാസ സിറ്റിയിലെ ഹമാസിന്റെ താവളങ്ങളിൽ ഇസ്രയേൽ സേന കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ വൻ ആക്രമണമാണ് നടത്തിയത്.

40 മിനിറ്റോളം നീണ്ടുനിന്ന ഈ വ്യോമാക്രമണത്തിൽ വടക്കൻ ഗാസയിലെ 150 ലക്ഷ്യങ്ങളിൽ 450 ഓളം മിസൈലുകൾ പതിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഹമാസിന്റെ ഭൂഗർഭ താവളങ്ങളുടെ നാശനഷ്ടത്തിന്റെ വ്യാപ്തി നിർണയിക്കാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈന്യം പറഞ്ഞു. ഹമാസിന്റെ തന്ത്രപരമായ കേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം മിസൈലുകളും ബോംബുകളും വർഷിച്ച് തകർത്തതെന്ന് ഐഡിഎഫ് വക്താവ് ഹിഡായ് സിൽബർമാൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യോമാക്രമണത്തിനു പുറമേ ഗാസ അതിർത്തിയിലെ ഇസ്രയേലിന്റെ ടാങ്കുകൾ, പീരങ്കികൾ, കാലാൾപ്പടയാളികൾ എന്നിവരും ഹമാസ് താവളങ്ങളിൽ ആക്രമണം നടത്തി. ആക്രമണത്തിൽ നിരവധി സാധാരണക്കാരായ ജനങ്ങൾക്കും പരുക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു.

കഴിഞ്ഞ ദിവസം രാത്രി മാത്രം ആക്രമണത്തിനായി 500 ഓളം പീരങ്കി ഷെല്ലുകൾ പ്രയോഗിച്ചുവെന്നാണ് ഐഡിഎഫ് പറയുന്നത്. ഇതോടൊപ്പം 50 ടാങ്ക് ഷെല്ലുകളും ആക്രമണത്തിനു ഉപയോഗിച്ചു. അതേസമയം, ഇസ്രയേൽ ആക്രമണം ഒരു മണിക്കൂറിലധികം നീണ്ടുനിന്നതായും നിരവധി നാശനഷ്ടങ്ങൾക്ക് കാരണമായതായും ഗാസയിലെ പലസ്തീനികൾ റിപ്പോർട്ട് ചെയ്യുന്നു.