തിരുവനന്തപുരം: ശ്രീകാര്യത്തെ ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി നടത്തിയെന്ന കേസിൽ ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജർ അറസ്റ്റിൽ. ഹരിയാന സ്വദേശിയായ വിശാൽ (26) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിനുള്ളിൽ വളർത്തിയിരുന്ന 70ഓളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കിടപ്പുമുറിയിലെ ജനാലയ്ക്കു സമീപം പ്രത്യേക ചെടിച്ചട്ടികളിലും മറ്റ് പാത്രങ്ങളിലുമായി കഞ്ചാവ് ചെടികൾ നട്ടുവളർത്തുകയായിരുന്നു. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിൽ ജോലി ചെയ്യുന്ന വിശാൽ, രാത്രികാലങ്ങളിലാണ് ചെടികളുടെ പരിപാലനം നടത്തിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. രാസവളങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നും ജൈവവളങ്ങളാണ് നൽകിയിരുന്നതെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
കഞ്ചാവ് വിൽപന നടത്തി സാമ്പത്തിക ലാഭം നേടുകയെന്ന ലക്ഷ്യം ഉണ്ടായിരുന്നില്ലെന്നും സ്വന്തം ആവശ്യത്തിനായാണ് കൃഷി നടത്തിയതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്തും ചമ്മന്തി രൂപത്തിലും ഉപയോഗിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും ശ്രീകാര്യം പൊലീസ് അറിയിച്ചു.











Leave a Reply