തിരുവനന്തപുരം: കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ വിതച്ചത് വന്‍ നാശനഷ്ടം. അടുത്ത 12 മണിക്കൂര്‍ നേരകൂടി തെക്കന്‍ കേരളത്തില്‍ പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരത്ത് കിള്ളിയില്‍ വൈദ്യുതികമ്പി പൊട്ടിവീണ് രണ്ട് പേര്‍ മരിച്ചു.കിള്ളി തുരുമ്പാട് തടത്തില്‍ അപ്പുനാടാര്‍ (75) ഭാര്യ സുമതി (67) എന്നിവരാണ് മരിച്ചത്. കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്കുമേല്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു, കുളത്തൂപ്പുഴ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് ഒരു സ്ത്രീ മരിച്ചു. അല്‍ഫോന്‍സാമ്മയാണ് മരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കാനാണ് നിര്‍ദ്ദേശം.

ഇടുക്കി പുളിയന്മലയില്‍ വൈദ്യുതി പോസ്റ്റ് ജീപ്പിന് മുകളിലേക്ക് ഒടിഞ്ഞുവീണ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇടുക്കി ജില്ലയില്‍ വ്യാപകനാശനഷ്ടം

അഞ്ച് വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നു
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ തകര്‍ന്നു
ഉടുമ്പന്‍ ചോലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു; നമ്പര്‍ 04868 232050
തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.
അമ്പൂരിയില്‍ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടി
പമ്പയില്‍ ജലനിരപ്പ് ഉയരുന്നു
അടിമാലിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു
കട്ടപ്പന ആമയാറില്‍ ജീപ്പിന് മുകളിലേക്ക് മരം വീണ് ഡ്രൈവര്‍ക്ക് പരുക്ക്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരം കടപുഴകി വീണ് 25 കാറുകള്‍ തകര്‍ന്നു
നിരവധി തീവണ്ടികള്‍ റദ്ദാക്കി
അഞ്ച് ജില്ലകളിലെ മലയോര മേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം പാറശാലയില്‍ ഉപജില്ലാ കലോത്സവത്തിനിടെ മൂന്ന് വേദികള്‍ തകര്‍ന്നുവീണു
രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം മാറ്റിവച്ചു
മോശം കാലാവസ്ഥ കണക്കിലെടുത്ത് യു.ഡി.എഫ് പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനവും മാറ്റിവച്ചിട്ടുണ്ട്.

കന്യാകുമാരിയില്‍ നാല് പേര്‍ മരിച്ചു

തിരുവനന്തപുരം: കേരളതമിഴ്‌നാട് തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ കന്യാകുമാരിയില്‍ നാല് പേരാണ് മരിച്ചത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് വന്‍ നാശ നഷ്ടമുണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മാത്രം 250 മൊബൈല്‍ ടവറുകള്‍ തകര്‍ന്നതായതാണ് റിപ്പോര്‍ട്ട്. ഇതോടെ വാര്‍ത്താ വിനിമയ ബന്ധം തകരാറിലായിട്ടുണ്ട്. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കന്യാകുമാരിയിലേക്ക് 70 അംഗ ദുരന്ത നിവാരണ സേനയെ അയച്ചിട്ടുണ്ട്. ഇവര്‍ കന്യാകുമാരിയിലെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.