കോവിഡിനെതിരായ പോരാട്ടത്തിനിടയിൽ എൻഎച്ച്എസിന്റെ എഴുപത്തിരണ്ടാം ജന്മദിനം. മലയാളികൾ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് മലയാളം യുകെയുടെ ആദരവ്.

July 05 06:48 2020 Print This Article

ന്യൂസ് ഡെസ്ക് , മലയാളം യുകെ

2020 ജൂലൈ 5 – ന് ബ്രിട്ടനിൽ എൻഎച്ച് എസ് സ്ഥാപിച്ചിട്ട് 72 വർഷം തികയുന്നു. രാജ്യമെങ്ങും വ്യാപകമായ ആഘോഷങ്ങളാണ് ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. എൻ എച്ച് എസ്‌ സ്ഥാപിക ദിനത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രാധാന്യം കൂടുതലാണ് . കാരണം എൻഎച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു 2020 . ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19 ന്റെ ചെറുത്തു തോൽപ്പിക്കാൻ യുകെയിൽ മുന്നിൽ നിന്നത് എൻഎച്ച് എസ് ജീവനക്കാരാണ്. കുറെ മാസങ്ങളായി മറ്റുള്ള രോഗികൾക്കൊപ്പം ഒരു ലക്ഷത്തോളം വരുന്ന കോവിഡ് രോഗികളെ പരിചരിക്കുന്നതിലും സുഖപ്പെടുത്തുന്നതിലും എൻഎച്ച് എസ് സ്തുത്യർഹമായ സേവനമാണ് നടത്തിയത് .

ചാൾസ് രാജകുമാരൻ, പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർക്ക് കോവിഡ് – 19 നെ അതിജീവിക്കാനായത് എൻഎച്ച്എസിന്റെ നേട്ടമാണ് . എൻഎച്ച്എസിലെ ജോലിക്കാർക്കൊപ്പം വിരമിച്ച ആയിരക്കണക്കിന് ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ സന്തോഷത്തോടെ സഹകരിച്ചിരുന്നു.

രാജ്യമൊട്ടാകെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇന്നലെ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ജീവനക്കാരോടുള്ള ആദരസൂചകമായി എൻഎച്ച്എസിനെ ഓർമിപ്പിക്കുന്ന നീല വിളക്കുകൾ തെളിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എൻ എച്ച് എസ് ജീവനക്കാരെ കാണും. മഹാമാരിയെ നേരിടാൻ രാജ്യത്ത് നിസ്വാർത്ഥമായി ഊണും ഉറക്കവുമില്ലാതെ സേവനം നൽകിയ എൻ എച്ച് എസ് ജീവനക്കാർക്ക് വേണ്ടി കൈയ്യടിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

1948 – ജൂലൈ 5 ന് മാഞ്ചസ്റ്ററിലെ പാർക്ക് ഹോസ്പിറ്റലിലാണ് എൻഎച്ച്എസ് ആരംഭിച്ചത് അതിനുശേഷം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി വിവിധ ആശുപത്രികളിലായി ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിൽ എൻഎച്ച് എസ് എന്നും രാജ്യത്തിന് അഭിമാനമായിരുന്നു.

യുകെയിലെ പ്രവാസി മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാകയാൽ എൻഎച്ച്എസിന്റെ കുടക്കീഴിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജ്യമെങ്ങും എൻഎച്ച്എസിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ യുകെ മലയാളികൾക്കും അഭിമാനിക്കാം. എൻഎച്ച്എസിൽ ജോലിചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും മലയാളം യുകെയുടെ സ്നേഹാഭിവാദ്യങ്ങൾ.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles