കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ ഇന്ത്യയിലെ ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കും. മത്സ്യത്തൊഴിലാളികളെ കൊന്ന കുറ്റത്തിന് നാവികർക്കെതിരായ കേസ് റദ്ദാക്കാനുള്ള ഉത്തരവ് സുപ്രീം കോടതി വരുന്ന ചൊവ്വാഴ്ച പുറപ്പെടുവിക്കും. ഇരകൾക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സ‍ർക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസ‍ർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു.

2012 ഫെബ്രുവരിയിൽ കേരള തീരത്ത് ഇറ്റാലിയൻ നാവികർ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് 10 കോടി രൂപ നഷ്ടപരിഹാരം നൽകുന്നതിന് ജൂൺ 15 ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കടൽക്കൊല കേസിൽ നാവികർക്കെതിരെ വിചാരണ നടപടികൾ ഇറ്റലി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിർക്കുന്നില്ലെന്നും കേന്ദ്രസർക്കാർ പറഞ്ഞു. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണം എന്ന് കേരള സർക്കാരിന് തീരുമാനിക്കാം.

കടൽക്കൊല കേസിൽ നാവികർക്കെതിരെയുള്ള നടപടികൾ ഇറ്റലി സ്വീകരിക്കുമെന്നാണ് കേന്ദ്രസ‍ർക്കാർ അറിയിച്ചിരിക്കുന്നത്. നാവികർക്കെതിരായ കേസിന്റെ നടപടികൾ അവസാനിപ്പാക്കാമെന്ന് സുപ്രീംകോടതി ഇതോടെ നിലപാടെടുക്കുകയായിരുന്നു. ഇരകളുടെ അവകാശികൾക്ക് നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ കേരള ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം ആർ ഷാ എന്നിവരുടെ അവധിക്കാല ബെഞ്ച് പറഞ്ഞു.