കൊച്ചി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളിൻമേൽ നൽകിയിരുന്ന പലിശ നിരക്ക് പുനർനിർണയിച്ചു. എല്ലാ കാലയളവിലേയ്ക്കുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചുകൊണ്ടാണ് പുനർനിർണയം. ഏറ്റവും കൂടുതൽ സ്ഥിര നിക്ഷേപങ്ങളുള്ള പ്രവാസികളായാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക . ഒരു വർഷത്തേക്കുള്ള NRI നിക്ഷേപങ്ങളുടെ പലിശ 7 ശതമാനത്തിൽ നിന്ന് 6 .8 ലേയ്ക്ക് കുറയും .
45 ദിവസം മുതൽ പത്തു വർഷം വരെയുള്ള ഹ്രസ്വ, മധ്യ, ദീർഘകാല നിക്ഷേപങ്ങളിൽ നൽകിയിരുന്ന പലിശ നിരക്കിലാണ് കുറവു വരുത്തിയിരിക്കുന്നത്. മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന അധിക നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. ഏറ്റവും ചെറിയ കാലയളവിലേയ്ക്കു നൽകിയിരുന്ന പലിശ നിരക്കിലാണ് ഏറ്റവും അധികം പോയിന്റ് കുറവു വന്നിരിക്കുന്നത്. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ഏഴു ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് നൽകിയിരുന്ന 5.75% നിരക്ക് ഇനി 5% മാത്രമായിരിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് ഇനി 5.75 ശതമാനം പലിശ മാത്രമായിരിക്കും ലഭിക്കുക. നേരത്തെ ഇത് 6.25 ആയിരുന്നു. 180 ദിവസം മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങളിൽ 10 പോയിന്റ് കുറച്ച് 6.25 ശതമാനം പലിശ നൽകും. ഹ്രസ്വ കാല നിക്ഷേപ പരിധിയിൽ വരുന്ന 211 ദിവസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.40 ശതമാനത്തിൽ നിന്ന് 6.25 ശതമാനത്തിലേയ്ക്ക് പലിശ നിരക്ക് കുറച്ചിട്ടുണ്ട്. രണ്ടു വർഷത്തിൽ താഴെയുള്ള ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.20 ശതമാനം കുറച്ച് 6.8 ശതമാനമാക്കി.
ദീർഘകാല നിക്ഷേപങ്ങളിലും ബാങ്ക് പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഇതു പ്രകാരം രണ്ടു വർഷം മുതൽ മൂന്നു വർഷം വരെയുള്ള കാലയളവിലേയ്ക്കുള്ള നിക്ഷേപങ്ങൾക്ക് 0.5 ശതമാനമാണ് കുറച്ചിട്ടുള്ളത്. 6.70ശതമാനം പലിശ നിരക്ക് ഈ നിക്ഷേപത്തിന് ലഭിക്കും. 3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇനി 6.6 ശതമാനമായിരിക്കും പലിശ നിരക്ക്. ഇത് ഇതുവരെ 6.7ശതമാനമായിരുന്നു. അഞ്ചു വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.6 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
Leave a Reply