തിരുവനന്തപുരം: ആദിവാസി യുവാവായ മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഡോ. ജേക്കബ് തോമസ്. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരന്‍ എങ്ങനെയെത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജേക്കബ് തോമസ് ചോദിക്കുന്നു. പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകമുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ചോദ്യമുയര്‍ത്തുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
അഴിമതിയും അസമത്വവും: കേരളമോഡല്‍
2017 ലെ ആഗോള അഴിമതി സൂചികയും അസമത്വ സൂചികയും സദ്ഭരണ സൂചികയും വിരല്‍ചൂണ്ടുന്നത് അഴിമതിയുടെ ഭയാനക ഫലങ്ങളിലേക്കാണ്. State capture അഥവാ പണമുള്ളവന്‍ ഭരണത്തില്‍ കാര്യക്കാരനാവുന്നതിനെപ്പറ്റിയായിരുന്നു സമീപകാല ഗവേഷണങ്ങള്‍ ഏറെയും. ഒരു ഇന്ത്യന്‍ വ്യവസായിക്കു വേണ്ടി ഭരണ നയങ്ങള്‍ പാകപ്പെടുത്തിയതും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ഇഷ്ടക്കാര്‍ക്ക് കട്ടുമുടിക്കാന്‍ അവസരമൊരുക്കിയതുമെല്ലാം പഠനവിധേയമായി. ധനികന്‍ ഭരണത്തിന്റെ ഗുണഫലങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമേറുന്നു. ഈ അന്തരം ആളോഹരി വരുമാനത്തില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രതിഫലിക്കും. പട്ടിണി, ആരോഗ്യം, വിദ്യാഭ്യാസം, എന്നു തുടങ്ങി മനുഷ്യന്റെ സാമൂഹ്യാവബോധത്തെ പ്പോലും ബാധിക്കും സ്റ്റേറ്റ് കാപ്ച്ചര്‍. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരന്‍ എങ്ങനെ എത്തി ? വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വിശപ്പടക്കാന്‍ അപ്പക്കഷണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീന്‍ വാല്‍ജീന്റെ കഥ വിക്ടര്‍ ഹ്യൂഗോ എഴുതിയിട്ട് 156 വര്‍ഷമായി. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകം
Leave a Reply