തിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ജേക്കബ് തോമസ്. ഇതു സംബന്ധിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസ് പരാതി സമര്‍പ്പിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയും പരാതിയില്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. ജഡ്ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് സി തോമസ് എന്നിവരടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.

പരാതിയുടെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കൈമാറിയിട്ടുണ്ട്. പാറ്റൂര്‍, ബാര്‍കോഴ തുടങ്ങിയ കേസുകള്‍ ഹൈക്കോടതി ഇടപെട്ട് ദുര്‍ബലമാക്കിയതായും. ഇവ പുന:പരിശോധിച്ച് വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി വഴി നല്‍കിയ പരാതിയില്‍ ജേക്കബ് തോമസ് പറയുന്നു.

ഹൈക്കോടതി ജഡ്ജിമാര്‍ ജുഡീഷ്യറിയുടെ സ്വാധീനം ദൂരുപയോഗം ചെയ്യുന്നതായും പരാതിയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു പല ഇടപെടലുകളുമെന്നും ജേക്കബ് തോമസ് പറയുന്നു.