തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഇക്കാര്യം ഉന്നയിച്ച് ജേക്കബ് തോമസ് കത്ത് നല്‍കിയത്. ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് വിരമിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് പുതിയ ചുമതല നല്‍കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതാണ് കത്തിനു പിന്നിലെന്നാണ് സൂചന.
വിരമിക്കുന്നതിനു മുമ്പ് ജേക്കബ് തോമസിനെതിരെ വിജയാനന്ദ് എജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡ്രഡ്ജര്‍ ആരോപണം, സ്വത്ത് മറച്ചുവെക്കല്‍ ആരോപണം എന്നിവയിലായിരുന്നു റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് ജേക്കബ് തോമസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥരായി വിരമിക്കുന്നവര്‍ക്ക് നിയമനം നല്‍കിയാല്‍ അതിന് എല്ലാവര്‍ക്കും ഒരേ മാനദണ്ഡം പാലിക്കണമെന്നാണ് കത്തിലെ നിര്‍ദ്ദേശം. 25 വര്‍ഷമാണ് പ്രവര്‍ത്തി പരിചയമായി കണക്കാക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും അത് ബാധകമാക്കണമെന്നും കത്തില്‍ പറയുന്നു.

തുടര്‍ച്ചയായി കോടതകളില്‍ നിന്ന് പ്രതികൂല വിധികളുണ്ടായതാണ് ജേക്കബ് തോമസിനെ മാറ്റാന്‍ കാരണമെന്നാണ് വിവരം. ഒരു മാസത്തെ അവധിയില്‍ പ്രേവശിക്കാനാണ് ജേക്കബ് തോമസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ അവധിക്കു ശേഷവും ജോക്കബ് തോമസിന് വിജിലന്‍്‌സ് ഡയറക്ടര്‍ സ്ഥാനം തിരികെ ലഭിക്കാനിടയില്ലെന്നാണ് കരുതുന്നത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന റിപ്പോര്‍ട്ടും തമിഴ്നാട്ടില്‍ സ്വത്തുള്ള വിവരം മറച്ചുവെച്ചു എന്ന ആക്ഷേപവും ജേക്കബ് തോമസിനെതിരെ ഉയര്‍ന്നിരുന്നു.