ടോം ജോസ് തടിയംപാട്

ക്യാമറയും ഫോട്ടോഗ്രഫിയുമാണ് എന്റെ ജീവിതത്തെ കൂടുതല്‍ ക്രിയാത്മകമാക്കുന്നത്. പിതാവിന്റെ മരണം എനിക്കു തരുന്ന സന്ദേശം മനസിന് ഇഷ്ടമുള്ളത് ചെയ്യുക അതില്‍ ആനന്ദം കണ്ടെത്തുക എന്നതാണ്. ഇന്നലെ കാര്‍ഡിഫില്‍ വച്ച് പരിചയപ്പെട്ട മലയാളികള്‍ക്കിടയിലെ ശ്രദ്ധേയനായ കലാകാരന്‍ ജെയ്സണ്‍ ലോറന്‍സ് ജീവിതത്തെ വിലയിരുത്തുന്നത് ഇങ്ങനെയൊക്കെയാണ്. ഫോട്ടോഗ്രാഫിയും ജീവിതവുമായി ലയിച്ചു നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ വീടുതന്നെ ഒരു വലിയ സ്റ്റുഡിയോ യാണെന്ന് നമുക്ക് തോന്നും. വീടുനിറയെ വിവിധതരം ക്യാമറയും ലൈറ്റും കൊണ്ട് നിറഞ്ഞിരിക്കുന്നു.

അദ്ദേഹത്തിന്റെ ജോലി നഴ്സിംഗ് ആണെങ്കിലും രണ്ടു ദിവസം ആ ജോലി ചെയ്ത ശേഷം ബാക്കി മുഴുവന്‍ സമയവും ഫോട്ടോഗ്രാഫിയിക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു. നഴ്സിംഗ് പഠിച്ചത് കൂടാതെ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് കൂടി പഠിച്ച ജെയ്സണ്‍ ക്യാമറ പല രീതിയില്‍ വാഹനങ്ങളില്‍ ഫിറ്റു ചെയ്യാവുന്ന ഉപകരണങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. യുകെ മലയാളി സമൂഹത്തില്‍ നിന്നും പൊട്ടി മുളച്ചുവീണ ഒരു ബിലാത്തി പ്രണയം, എഡ്ജ് ഓഫ് സനിട്ടി, ഒരു കുഞ്ഞുപൂവിനെ എന്നീ സിനിമകള്‍ ഒപ്പിയെടുത്തത് ജെയ്സണിന്റെ ക്യാമറകളായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏറണാകുളം സ്വദേശിയായ ജെയ്സന്റെ കുടുംബത്തിനും സിനിമയുമായി അടുത്ത ബന്ധമുണ്ട്. 1980കളില്‍ മഹാനടന്‍ സുകുമാരനെ വച്ച് നാലുലക്ഷം രൂപ മുടക്കി പിതാവ് ഒരു സിനിമ പിടിച്ചിരുന്നു എന്നു ജെയ്സണ്‍ പറഞ്ഞു. ഭാര്യയും അമ്മയും രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബം പൂര്‍ണ്ണമായി ജെയ്സണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഭാര്യ സ്മിത ജെയ്സണിന്റെ ഒരു അസിസ്റ്റന്റിനെപ്പോലെയാണ് ജോലി ചെയ്യുന്നത്. കുട്ടികളും ഫോട്ടോഗ്രാഫിയില്‍ വളരെ തല്‍പ്പരരാണ് എന്നു ജെയ്സണ്‍ പറഞ്ഞു.

സ്മിത എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഒഴിവുസമയങ്ങളില്‍ ജെയ്സണെ സഹായിക്കാന്‍ ഒരു പിശുക്കും കാണിക്കാറില്ല. അല്‍പ്പം പാട്ടും ഡാന്‍സും ഒക്കെയായി ജീവിതത്തെ പ്രണയിക്കുന്ന ജെയ്സണിന്റെ ഏറ്റവും വലിയ ആഗ്രഹം 10 വയസുകാരി മകള്‍ വളര്‍ന്നു സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കണം എന്നതാണ്. ബ്രിട്ടനിലെ ആദ്യത്തെ മലയാളി ആക്സിഡന്റ്റ് ക്ലെയിം കമ്പനി ഉടമ ഷോയ് ചെറിയാനുമായി ഒരു അഭിമുഖം നടത്തുന്നതിനു വേണ്ടിയാണു വെയില്‍സിലുള്ള ജെയ്സണിന്റെ വീട്ടില്‍ ഞങ്ങള്‍ എത്തിയത്.