പാകിസ്താനില്‍ അനുഭവപ്പെട്ട് വന്‍ ഭൂചലനത്തില്‍ എട്ട് മരണവും 300-ലധികം ആളുകള്‍ക്ക് പരിക്ക് ഏറ്റതായും പാക് മാധ്യമം ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇസ്ലാമാബാദ്, പാക് അധീന കാശ്മീരിലെ മിറാപൂര്‍, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍, സിയാകോട്ട്, സര്‍ഗോദ, മല്‍ഷേറാ, ഗുജറാട്ട്, ചിത്രല്‍, മാല്‍ഖണ്ഡ്, മുള്‍ട്ടാന്‍, ഷാങ്‌ല, ബാജൂര്‍, സ്വാട്ട്, സഹിവാള്‍, റഹിം യാര്‍ ഖാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

എട്ട്-പത്ത് സെക്കന്‍ഡോളം പ്രകമ്പനം സൃഷ്ടിച്ച ഭൂചലനത്തില്‍ വടക്കന്‍ പാകിസ്താനിലെ ഒട്ടേറെ റോഡുകളും വാഹനങ്ങളും കെട്ടിടങ്ങളും നശിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് നാല് മുപ്പത്തിയഞ്ചോടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. കാശ്മീരിലും, ചണ്ഡിഗണ്ഡിലും ന്യൂഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ എത്തി.

സ്വകാര്യ ഭൂചലന നീരീക്ഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഇസ്ലാമാബാദ്, ലാഹോര്‍ ഉള്‍പ്പടെയുള്ള പാകിസ്ഥാന്‍ നഗരങ്ങളിലും പാക് അധിനിവേശ കാശ്മീരിലും, ഖൈബര്‍ പഷ്തൂണ്‍ പ്രദേശങ്ങളിലും വന്‍ ഭൂചലനമുണ്ടായി എന്നാണ്. 173 കിലോമീറ്റര്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് വിവരം.