എത്രപേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്….!!!’

ആ കവിതയുടെ തീക്ഷണതയും സംശുദ്ധിയും ഉൾക്കൊണ്ട് എഴുതുന്നു……

ബിജോ തോമസ് അടവിച്ചിറ

കപട സദാചാരവാദികളുടെ നെഞ്ചിലേക്ക് നിറയൊഴിച്ച , ജാലിഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി തന്റെ കവിത തുടങ്ങി വെക്കുന്നത് ഇങ്ങനെയാണ്. കൊല്ലം ജില്ലയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരി പെണ്‍കുട്ടിയുടെ സംഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞ രോഷത്തില്‍ നിന്നാണ് ജലീഷയുടെ കവിത പിറവി കൊള്ളുന്നതും, സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ അത് ചര്‍ച്ച ചെയപ്പെടുന്നതും. ഈ രോഷവും അമര്‍ഷവും വരികളും ശബ്ദവും ജലീഷയുടേത് മാത്രമല്ല, പല പെണ്ണുങ്ങളുടേത് കൂടിയാണ്. ആ വാക്കുകളുടെ ചൂടും, മൂര്‍ച്ഛയും അവള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല,  ഈ അനുഭവത്തിൽ കുടി കടന്നു പോയ ശബ്‌ദിക്കാൻ കഴിവില്ലാതെ പോയ സ്ത്രീകളുടെ  കൂടിയാണ്. എന്നിട്ടും അവള്‍ മുലകളെ മുലകളെന്നും ലിംഗത്തെ ലിംഗമെന്നും യോനിയെ യോനിയെന്നും തന്നെ എഴുതി വെച്ചപ്പോള്‍ മൂര്‍ച്ഛയുള്ള വാക്കുകളോടുള്ള ഭയത്തോടെ കപട സദാചാര വാദികള്‍ ഒറ്റ രാത്രി കൊണ്ട് കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്നു നീക്കം ചെയ്യിച്ചിരിക്കുന്നു.

ഒരു കവിത പോലും, അതിലെ ആശയം പോലും ഉള്‍കൊള്ളാന്‍ സാധിക്കാത്ത വിധത്തില്‍ പെണ്ണിന്റെ തുറന്നെഴുത്തിനോട് ഇത്രമേല്‍ മാനസികമായ അകല്‍ച്ച കാത്തു സൂക്ഷിക്കാനുള്ള ചേതോവികാരം എന്താകാം? ഇത്ര മാത്രം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സംഭവിക്കുന്നത് എന്ത് കൊണ്ടാകാം? സ്ത്രീയുടെ തുറന്നെഴുത്തിനോടുള്ള ഭയം എന്തിനാകാം? ഇനിയും, മുലകളെ മുലകളെന്നും ലിംഗത്തെ ലിംഗമെന്നും തന്നെ അവളെഴുതട്ടെ . അങ്ങനെ എഴുതുന്നത് കൊണ്ട് എന്താണ് സംഭവിക്കുക? പുരുഷാധിപത്യം നിറഞ്ഞ പുരുഷ കേന്ദ്രീകൃതമായ ഒരു ലോകത്ത് നിന്നു കൊണ്ട് വ്യവസ്ഥകളെ പൊളിച്ചു കൊണ്ട് തുറന്നെഴുത്തു നടത്തുക എന്നത് ഏറെ പ്രയാസകരമാണ് ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം എന്നറിയാം. അതുകൊണ്ട് തന്നെയാണ് സ്വത്വബോധത്തില്‍ നിന്നു കൊണ്ട് ഉടലിന്റെ രാഷ്ട്രീയത്തെ പറ്റിയുള്ള ജലീഷയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇത്രയേറെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും.

ഇത് ഇന്നും ഇന്നലെയുമായി സംഭവിച്ചു പോന്ന ഒന്നല്ല, ചരിത്രത്തില്‍ തുറന്നെഴുത്തു നടത്തുന്ന, ഉടലിന്റെ രാഷ്ട്രീയം പറയുന്ന ഓരോ പെണ്ണുങ്ങളും അനുഭവിച്ചു പോന്ന, പിന്നിട്ട പാതകള്‍ തന്നെയാണ്. പുരുഷന്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍, വ്യവസ്ഥിതിക്കടിമപ്പെട്ട സ്വത്വബോധത്തില്‍ നിന്നും പുറത്ത് കടന്നു കൊണ്ട് തുറന്നെഴുത്തു നടത്തിയ കമല സുരയ്യ, രാജലക്ഷ്മി, സരസ്വതിയമ്മ തുടങ്ങിയവരെല്ലാം ഏല്‍ക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ നമുക്ക് മുന്‍പിലെ എണ്ണിയെണ്ണി പറയാവുന്ന ഉദാഹരണങ്ങളാണ്. സമൂഹത്തിന്റെ അധിക്ഷേപങ്ങള്‍, കുത്തുവാക്കുകള്‍, കല്ലേറുകള്‍ എല്ലാം നേരിടേണ്ടി വന്നതത്രയും ആ തുറന്നെഴുത്തുകള്‍ മൂലമായിരുന്നു. രതി പറയുന്ന, പ്രണയം പറയുന്ന, രാഷ്ട്രീയം പറയുന്ന, നിരാസം പറയുന്ന പെണ്ണിനെയെല്ലാം വഴിപിഴച്ചവള്‍ അല്ലെങ്കില്‍ കുടുംബത്തില്‍ പിറക്കാത്തവള്‍ എന്ന ഒരറ്റ പദത്തിലേക്ക് തള്ളിയിട്ടു കൊണ്ട് അവളെ, അവളുടെ എഴുത്തുകളെ അടക്കി നിര്‍ത്താന്‍ അവര്‍ ശ്രമിച്ചു. ഒരു പെണ്ണ് ഇങ്ങനെയൊക്കെ എഴുതാമോ എന്നു പറഞ്ഞു സദാചാരത്തിന്റെ വാളുകള്‍ നിങ്ങള്‍ അവള്‍ക്ക് നേരെ വീശുമ്പോള്‍ അവള്‍ക്ക് നഷ്ടപ്പെടുന്നത് ലിംഗ നീതിയും, സമത്വ ബോധവുമാണ്. സംഭവിക്കുന്നത്, ഈ ഇടങ്ങളെല്ലാം അവളുടേത് കൂടി അല്ലാതാവുകയാണ്.

പെണ്ണിനെ വെറും ഭോഗവസ്തുവായി കാണുന്ന ആണധികാരത്തിന്റെ ലോകമാണ് ഇത്തരം അടക്കി നിര്‍ത്തലുകളിലൂടെ ഇവര്‍ പറയാതെ തന്നെ പറയുന്നതും. പെണ്ണെഴുത്ത്, തുറന്നെഴുത്, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊക്കെയുള്ള ഫെമിനിസ്റ്റ് വിശേഷങ്ങള്‍ നല്‍കി അവളെ നിങ്ങള്‍ അടിച്ചമര്‍ത്തുമ്പോള്‍ കൂട്ടത്തില്‍ നിങ്ങള്‍ അപഹരിക്കുന്നത് അവളുടെ വ്യക്തിത്വത്തെ കൂടിയാണെന്ന കാര്യം വിസ്മരിച്ചു കൂട. അല്ലെങ്കിലും, അപഹരിക്കപ്പെട്ടവളുടെ ആകുലതകളും പരിദേവനങ്ങളും നിങ്ങള്‍ക്കെങ്ങനെ അറിയാനാണ്? ശരീരത്തിന്റെ നിമ്‌നോതനങ്ങളെ പറ്റി ഓരോ പെണ്ണും തുറന്ന് എഴുതുമ്പോള്‍ അത് അവളുടെ മാത്രം എഴുത്തല്ല, ലോകത്തിലെ മൊത്തം പെണ്ണുങ്ങളുടെ തുറന്നെഴുതാണ്. സ്വത്വത്തെ കുറിച്ച്, ശരീരത്തെ കുറിച്ച്, വൈകരികതകളെ കുറിച്ച് എഴുതാന്‍ വിലക്ക് കല്പിക്കപ്പെട്ട ഓരോ പെണ്ണിന്റെയും. സ്വന്തം ജീവിതത്തെ അന്യന്റെ ഊന്നുവടിയാകാന്‍ ഒരു പെണ്ണും വിട്ടു കൊടുത്തു കൂട.

വൈക്കം മുഹമ്മദ് ബഷീര്‍ പറയുമ്പോള്‍ കടന്നു വരാത്ത അശ്ലീലത എങ്ങനെ ഓരോ പെണ്ണെഴുത്തിലും കടന്നു വന്നു? അല്ലെങ്കിലും പെണ്ണെഴുതുമ്പോള്‍ മാത്രം എങ്ങനെ ലിംഗവും മുലയും എല്ലാം അശ്ലീലമായി? നിങ്ങള്‍ നടത്തുന്നത് അധിനിവേശമാണ്, ഓരോ പെണ്ണിന്റെയും വ്യക്തിത്വത്തിന് മുകളില്‍, വൈകരികതക്ക് മുകളില്‍, എഴുത്തിനു മുകളില്‍ നടത്തുന്ന അധിനിവേശം. എഴുത്തിലെ കീഴ്‌വഴക്കത്തില്‍ നിന്നും ഇനിയെങ്കിലും അവള്‍ പുറത്തു കടക്കട്ടെ . എല്ലാം പച്ചയായി, അബ്രാഹ്മണിക്കലായി തുറന്നെഴുതട്ടെ . മുലയെ മുലയെന്നു പറയുമ്പോള്‍, യോനിയെ യോനി എന്നു പറയുമ്പോള്‍ ഭയപ്പെടാതിരിക്കൂ. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടൂ. റിപ്പോര്‍ട്ടിങ്ങിലും തെറിവിളിയിലും അടിച്ചമര്‍ത്തലിലും പെണ്ണിനെ ഒതുക്കത്തിരിക്കാന്‍ ശ്രമിക്കൂ. ഉടലിന്റെ രാഷ്ട്രീയം ഇനി  അവരും പറയട്ടെ.