തിരുവനന്തപുരം: ജെഡിയു എല്‍ഡിഎഫിലേക്ക് പോകാൻ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. എല്‍ഡിഎഫിലേക്ക് പോകാനുള്ള അനുയോജ്യമായ സമയമാണിതെന്ന് സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

അന്തിമ തീരുമാനം എടുക്കാനുള്ള നിർണായക യോഗങ്ങൾ തിരുവനന്തപുരത്ത് തുടരുന്നു.  ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശത്തില്‍ കെ.പി. മോഹനനും നിലപാട് മാറ്റി. ഇടതുമുന്നണിയിലേക്ക് പോകാനുള്ള നീക്കത്തിന് അദ്ദേഹവും പിന്തുണ പ്രഖ്യാപിച്ചു. അതേസമയം വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തി താല്‍പ്പര്യം സംരക്ഷിക്കാനെന്ന് യുഡിഎഫ് വിമര്‍ശിച്ചു.

ഇതിനിടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി രാജിവച്ച് ഇറങ്ങിപ്പോയി.  മുന്നണി മാറ്റം അടക്കമുള്ള തീരുമാനം എടുക്കാനായി രണ്ട് ദിവസം നീളുന്ന നേതൃയോഗമാണ് തിരുവനന്തപുരത്ത് തുടരുന്നത്. ആദ്യം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഇടത് മുന്നണി പ്രവേശനത്തിന്റെ സൂചനകൾ എം.പി. വീരേന്ദ്രകുമാർ നൽകിയത്. ആദ്യഘട്ട ചർച്ചകൾ പൂർത്തിയായെന്നും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് മുന്നണി മാറ്റം അത്യാവശ്യമാണന്നും വീരേന്ദ്രകുമാർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് സംസാരിച്ച ഭൂരിഭാഗം സംസ്ഥാന നേതാക്കളും 14 ജില്ലാ പ്രസിഡന്റുമാരും നീക്കത്തെ പിന്താങ്ങുകയായിരുന്നു. നേരത്തേ, യുഡിഎഫിന്റെ വോട്ടിൽ രാജ്യസഭാംഗമായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചിരുന്നു. രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എൽഡിഎഫിൽ ആവശ്യപ്പെട്ടേക്കും. ഇതു സംബന്ധിച്ച് സിപിഐഎം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകൾ തുടങ്ങി.

അതേസയം, വീരേന്ദ്രകുമാറിന്റെ ജനതാദൾ യുഡിഎഫ് വിടുന്നതിനെ കോൺഗ്രസ് വിമർശിച്ചു. വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തിതാൽപര്യം സംരക്ഷിക്കാനാണെന്നും അന്തിമ തീരുമാനമാണെന്നു കരുതുന്നില്ലെന്നും യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞു. വീരേന്ദ്രകുമാർ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും അഭിപ്രായപ്പെട്ടിരുന്നു.