സൗത്ത് വെയിൽസ് : സൗത്ത് വെയിൽസിൽ നിന്നുള്ള ജെയ്ൻ കാർപെൻഡർ, എന്ന അമ്പത്തൊന്നുകാരിയായ നേഴ്സ് യുവതിക്ക് വെറും ചുമയിൽ നിന്ന് തുടങ്ങിയ ഇൻഫെക്ഷൻ, സെപ്സിസ് അവസ്ഥയിലേക്ക് വഴിമാറിയതോടെ ശരീരഭാഗങ്ങൾ മുറിച്ചു മാറ്റേണ്ടി വന്നു . ഇതിനോടകംതന്നെ രണ്ടു കാലുകളും, ഇടതുകൈയും, നാലു വിരലുകളും ജെയ്ന് നഷ്ടമായിരിക്കുകയാണ്. ജെയ്ൻ കോമയിലേക്കു വഴുതി വീഴുന്നതിനു മുൻപ് വരെ ന്യൂമോണിയ ആണെന്നായിരുന്നു ഡോക്ടർമാർ വിശ്വസിച്ചിരുന്നത്. എന്നാൽ കോമയിൽ ആയതിനുശേഷം ശരീരഭാഗങ്ങൾ മുറിച്ചു മാറ്റിയാൽ മാത്രമേ ജെയ്‌നിന്റെ ജീവൻ നിലനിൽക്കുകയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചു. തന്റെ ജീവിതത്തിലെ ഇരുട്ടേറിയ അനുഭവങ്ങളെ നേരിടാൻ ഉറച്ചിരിക്കുകയാണ് ജെയ്ൻ. താൻ വീണ്ടും നടക്കും എന്ന് അവർ ഉറപ്പിച്ചു പറയുന്നു. അതിനായി തന്റെ വെപ്പുകാലുകൾക്കുവേണ്ടി 265000 പൗണ്ട് സ്വരുക്കൂട്ടാൻ ഉള്ള തിരക്കിലാണ് ജെയ്ൻ.
താൻ ഒരിക്കലും വിചാരിക്കാത്തതാണ് തന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് ജെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ചെറിയ ലോകത്തെ ഒന്നാകെ തകിടം മറിച്ച അനുഭവമായിരുന്നു അത്. എന്നാൽ ആ അവസ്ഥ തന്നെ തോൽപ്പിക്കാൻ താൻ അനുവദിച്ചിട്ടില്ലെന്ന് ജെയിൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
2016 ഏപ്രിലിൽ ചെറിയ ചുമയോടെയാണ് ജെയ്‌നിന്റെ അസുഖം ആരംഭിക്കുന്നത്. ചുമ ദിവസംപ്രതി വഷളായെങ്കിലും, അത് വൈറസ് മൂലമാണെന്നാണ് വിചാരിച്ചത് എന്ന ജെയ്ൻ പറയുന്നു. എന്നാൽ ഒരു ദിവസം എഴുന്നേൽക്കുമ്പോൾ ശ്വാസംമുട്ടൽ ഉണ്ടാവുകയും നടക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഡോക്ടറെ കൺസൾട്ട് ചെയ്തെങ്കിലും, അവരാരും സെപ്സിസ് എന്ന അവസ്ഥയാണെന്ന് സംശയിച്ചില്ല. ഒൻപതു ആഴ്ചകൾക്ക് ശേഷം സ്ഥിതി വഷളാവുകയും കാലുകൾ മുറിച്ചു മാറ്റുകയും ചെയ്യുകയായിരുന്നുവെന്ന് ജെയ്ൻ പറയുന്നു.
തന്റെ അവസ്ഥയോട് പൊരുത്തപ്പെടാൻ ജെയ്ൻ ശ്രമിച്ചു. ഭർത്താവ് റോബർട്ടിനോട് തന്നെ വിട്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജെയ്‌നിന്റെ ഏതവസ്ഥയിലും കൂടെ നിൽക്കാൻ റോബർട്ട് തയ്യാറായിരുന്നു. വലിയൊരു സർജറിക്കു വേണ്ടി തയ്യാറെടുക്കുകയാണ് ജെയ്ൻ. അത് ഒരു പരിധിവരെ ജെയ്‌നിനു നടക്കാനുള്ള സ്വാതന്ത്ര്യം നേടി കൊടുക്കുമെന്ന വിശ്വാസത്തിലാണ് കുടുംബം.
Leave a Reply