ന്യൂസ് ഡെസ്ക്, മലയാളം യുകെ

അളവില്ലാത്ത മൂലധനത്തിന്റെ അപൂർവ്വധാതുക്കൾ ജപ്പാനിൽ കണ്ടെത്തി. ഏകദേശം 26 , 290, 780, 000 ഡോളർ വിലമതിക്കുന്ന ധാതുക്കൾ ആണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത ദശാബ്ദ കാലത്തേയ്ക്ക് ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ മികവുറ്റതാക്കുന്ന സുപ്രധാന കണ്ടെത്തലാണ് ഇതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. നിപ്പോൺ ഫൗണ്ടേഷനും ടോക്കിയോ സർവകലാശാലയും സംയുക്തമായി നടത്തിയ പരിവേഷണത്തിലാണ് സുപ്രധാനമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ജപ്പാൻ്റെ തലസ്ഥാനത്ത് നിന്ന് ഏകദേശം 1,200 മൈൽ അകലെയുള്ള മിനാമി-ടോറി-ഷിമ ദ്വീപിൻ്റെ കടൽത്തീരത്ത് ആണ് കൊബാൾട്ടും നിക്കലും മാംഗനീസിൻ്റെയും അതിവിപുലമായ നിക്ഷേപം ഉള്ളത്. സമുദ്രനിരപ്പിൽ നിന്ന് 5,700 മീറ്റർ താഴെയായാണ് ഇത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങളും മത്സ്യങ്ങളുടെയും മറ്റ് ജീവികളുടെയും അസ്ഥികളുമായി ചേർന്ന് ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ് ഈ ധാതുക്കൾ എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററികൾ നിർമ്മിക്കുന്നതിന് ആവശ്യമായ രണ്ട് നിർണായക ഘടകങ്ങളാണ് കോബാൾട്ടും നിക്കലും, കൂടാതെ ജെറ്റ് എഞ്ചിനുകൾ, ഗ്യാസ് ടർബൈനുകൾ എന്നിവ നിർമ്മിക്കാനും ഉപയോഗിക്കുന്നു. സർവേയിൽ ഏകദേശം 610,000 മെട്രിക് ടൺ കോബാൾട്ടും 740,000 മെട്രിക് ടൺ നിക്കലും ആണ് കണ്ടെത്തിയത് . നിലവിലെ കണ്ടെത്തൽ വൈദ്യുത വാഹന ബാറ്ററികളുടെ വിപണിയിൽ വൻ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആത്യന്തികമായി ഈ കണ്ടെത്തൽ ജപ്പാന്റെ വളർച്ച കൂടുതൽ ത്വരിതഗതിയിൽ ആക്കാൻ സഹായിക്കുമെന്ന് ടോക്കിയോ സർവകലാശാലയിലെ റിസോഴ്‌സ് ജിയോളജിയിൽ സ്പെഷ്യലൈസ് ചെയ്ത പ്രൊഫസർ യാസുഹിരോ കാറ്റോ പറഞ്ഞു.


പുതിയ നിക്ഷേപ സാധ്യതകളുമായി ലോകരാജ്യങ്ങൾ മുന്നേറുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്നത് കേരളത്തിലെ ധാതുമണൽ ഖനനത്തോടനുബന്ധിച്ച് ഉടലെടുത്ത വിവാദങ്ങളാണ്. ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ ധാതുമണൽ ഖനനം പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ കനത്ത പ്രതിഷേധമാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്നത്. ഖനനം പുനരാരംഭിക്കുവാൻ നടന്ന നീക്കത്തിനെതിരെ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗം മണൽ ഖനനവുമായി മുന്നോട്ടുപോകരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . കേരളത്തിലെ നദികളിലെയും ഡാമുകളിലെയും അടിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ മണലിന്റെ ഖനന സാധ്യതയും വിവിധ നൂലാമാലകളിൽ തട്ടി വഴിമുട്ടി നിൽക്കുകയാണ്.