തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യത്തെ കുറിച്ചും മരണത്തിലും ജനങ്ങള്‍ക്കുള്ള സംശയം നിലനില്‍ക്കുന്നതിനിടെ പല കാര്യങ്ങളിലും ജനങ്ങളോട് കള്ളം പറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി. തമിഴ്‌നാട് വനംമന്ത്രി സി.ശ്രീനിവാസനാണ് ജനങ്ങളോട് ഇക്കാര്യം തുറന്നുപറഞ്ഞ് മാപ്പുചോദിച്ചത്. മധുരയില്‍ വെള്ളിയാഴ്ച രാത്രി നടന്ന പൊതുപരിപാടിയിലാണ് ശ്രീനിവാസന്‍െ.റ ഏറ്റുപറച്ചില്‍.

വി.കെ ശശികല മാത്രമാണ് അവരെ കണ്ടത്. അവര്‍ എല്ലാ ദിവസവും ജയലളിതയെ കണ്ടിരുന്നു. ഒക്‌ടോബര്‍ ഒന്നിനു ശേഷം ശശികല ജയലളിതയെ കണ്ടിട്ടില്ലെന്ന ടിടിവി ദിനകരന്റെ വാദവും ശ്രീനിവാസന്‍ നിഷേധിച്ചു. ഡോക്ടര്‍മാരുടെ അനുമതിയോടെ ശശികല എല്ലാ ദിവസവും ജയലളിതയെ മുറിയില്‍ എത്തി രണ്ട് മിനിറ്റ് കണ്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരണമടഞ്ഞത്. മുഖ്യമന്ത്രിയായിരിക്കേ സെപ്തംബര്‍ 22ന് പോയ്‌സ് ഗാര്‍ഡനില്‍ നിന്നും അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയ ജയലളിതയുടെ മൃതദേഹമാണ് പിന്നീട് പുറം ലോകം കണ്ടത്.

‘ജയലളിത എഴുന്നേറ്റ് ഇരുന്ന് ഇഡ്ഡലി കഴിച്ചുവെന്നും ആളുകളെ കണ്ടുവെന്നും ജനങ്ങളോട് ഞങ്ങള്‍ കള്ളം പറഞ്ഞതായിരുന്നു. ആരും അവരെ കണ്ടിട്ടില്ലെന്നതാണ് സത്യം.’ പറഞ്ഞ കള്ളങ്ങള്‍ക്ക് ജനങ്ങളോട് മാപ്പുചോദിക്കുന്നതായും ശ്രീനിവാസന്‍ പറഞ്ഞു. സര്‍ക്കാരും എഐഎഡിഎംകെ പാര്‍ട്ടിയും ജനങ്ങളോട് കള്ളമാണ് പറഞ്ഞത്. ജയലളിതയെ കാണാന്‍ ആശുപത്രിയില്‍ എത്തിയ ദേശീയ നേതാക്കളും എ.ഐ.എ.ഡി.എംകെ നേതാക്കളും അപ്പോളോ ആശുപത്രി മേധാവി പ്രതാപ് റെഡ്ഡിയുടെ മുറിയില്‍ ഇരിക്കുകയാണ് ചെയ്തത്. ആരും അവരെ മുറിയില്‍ എത്തി കണ്ടിട്ടില്ല. ഈ രഹസ്യം പുറത്തുപോകാതിരിക്കാനാണ് ജനങ്ങളോട് കള്ളം പറയേണ്ടിവന്നത്.

ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി കെ.പളനിസ്വാമി ഉത്തരവിട്ടിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.