മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ സംബന്ധിച്ച വെളിപ്പെടുത്തലുമായി എഐഎഡിഎംകെ നേതാവ്. സെപ്തംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പോയസ് ഗാര്‍ഡനില്‍ വച്ച് ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണെന്നാണ് എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് സ്പീക്കറുമായിരുന്ന പി എച്ച് പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍.
ജയലളിതയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ക്ക് അവസാനമാകാത്ത സാഹചര്യത്തിലാണ് അണ്ണാ ഡിഎംകെ നേതാവിന്റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍. സെപ്തംബര്‍ 22 മുതല്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സിലിരിക്കെ കാണാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി നേരത്തെ ജയലളിതയുടെ ബന്ധുക്കളും പരസ്യമായി രംഗത്തെത്തിയിരുന്നു.

പോയസ് ഗാര്‍ഡനില്‍ വച്ച് ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അതിന് ശേഷം അമ്മയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ലെന്നും പോലീസ് ആംബുലന്‍സ് വിളിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നും പാണ്ഡ്യന്‍ പറയുന്നു. പനീര്‍ശെല്‍വത്തിന്റെ വീടിന് സമീപത്തുവച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍