ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പ്രശസ്തി കൈവയ്ക്കാനായി സൗദിയിലെ ജിദ്ദ ടവറിന്റെ നിര്‍മ്മാണത്തിന് പുതിയ കരാറായി. നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി ദുബൈയിലെ ബുര്‍ജ് ഖലീഫക്കാണ്. പക്ഷെ, ബുര്‍ജ് ഖലീഫയുടെ ഉയരം 828 മീറ്റര്‍ മാത്രമാണ്. ഈ പശ്ചാത്തലത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ആകാശ ഗോപുരമായ ‘ജിദ്ദ ടവറി’നു ഒരു കിലോമീറ്റര്‍ (3281 അടി) ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് ബുര്‍ജ് ഖലീഫയെക്കാൾ 172 മീറ്റര്‍ കൂടുതൽ ഉയരമായിരിക്കും ജിദ്ദ ടവറിനുണ്ടാകുക.
ജിദ്ദ ടവറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുന്നതിന് അല്‍ ഫൗസാന്‍ ജനറല്‍ കോണ്‍ട്രാക്റ്റിങ് കമ്പനിയുമായി 620 ദശലക്ഷം റിയാലിന്റെ കരാറിലാണ് ഒപ്പുവച്ചിട്ടാണ്. ജിദ്ദ ഇക്കണോമിക് കമ്പനിയുടെ മേല്‍നോട്ടത്തിലാണ് നിർമ്മാണം നടക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ കരാറില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങള്‍ തീര്‍ക്കണമെന്നാണ് വ്യവസ്ഥയെന്നു ജിദ്ദ ഇക്കണോമിക് കമ്പനിയധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
1.2 ബില്യന്‍ ഡോളര്‍ ചെലവ് വരുന്ന ടവറിന്റെ നിർമ്മാണം നേരത്തേ തന്നെ ആരംഭിച്ചിരുന്നു. 2020 ഓടെ അംബരചുംബിയുടെ നിർമ്മാണം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതരുടെ അവകാശവാദം. നേരത്തെ കിംഗ്ഡം ടവര്‍ എന്ന് വിശേഷിപ്പിച്ചിരുന്ന അംബര ചുംബി പിന്നീട് ജിദ്ദ ടവര്‍ ആയി മാറ്റുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ സമയത്ത് നിർമ്മാണം പൂര്‍ത്തിയാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
ജിദ്ദ നഗരത്തിനു പുറത്തുള്ള മരുഭൂമിയിലാണ് ടവര്‍ ഉയരുന്നത്. എന്നാല്‍ ടവര്‍ നിര്‍മാണം പുരോഗമിക്കുന്നതോടെ വലിയൊരു മെഗാ സിറ്റിയായി ഈ മരുഭൂമി മാറ്റാനാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, താമസ കേന്ദ്രങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളോടും കൂടിയുള്ള ടൗണ്‍ഷിപ്പാവും ജിദ്ദ ടവറിനോട് അനുബന്ധിച്ച് ഇവിടെ ഉയര്‍ന്നുവരികയെന്ന് കമ്പനി സി.ഇ.ഒ മുനീബ് ഹമൂദ് പറഞ്ഞു.
	
		

      
      



              
              
              




            
Leave a Reply