തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണം. മണ്ഡലകാലത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ആവര്‍ത്തിക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹം. പ്രശ്‌ന പരിഹാരത്തിനായി ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി.

നേരത്തെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പന്തളം കൊട്ടാരം പ്രതിനിധികളെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ യുവതികളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു സമവായ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നായിരുന്നു കൊട്ടാരം പ്രതിനിധികളുടെ കാഴ്ച്ചപ്പാട്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനവും കൊട്ടാരം പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു.

മണ്ഡലകാലത്ത് സംഘ്പരിവാര്‍ പ്രതിഷേധം തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊട്ടാരം നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. പരമാവധി സമവായത്തിന് ശ്രമിക്കും. രമ്യമായി ശബരിമല പ്രശ്‌നം പരിഹരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്നും പത്മകുമാര്‍ വ്യക്തമാക്കി.