ജിഷ വധക്കേസിലെ മഹസര്‍ സാക്ഷിയും അയല്‍വാസിയും ആയിരുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ജിഷയുടെ അയൽവാസിയായിരുന്ന സാബു എന്നയാളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിഷ മരിച്ചതിന് പിന്നാലെ സാബു പിന്നാലെ നടന്ന ശല്യം ചെയ്തിരുന്നുവെന്ന് ജിഷയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇയാള്‍ തൂങ്ങി മരിച്ചതായി പൊലീസിന് ഇന്ന് വിവരം ലഭിക്കുകയായിരുന്നു. പ്രതിയുടെ ചെരുപ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ മഹസര്‍ സാക്ഷിയാക്കിയത്. എന്നാല്‍ മറ്റൊരാളെ സാക്ഷിയാക്കി ഹാജരാക്കിയതിനാല്‍ ഇയാളെ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നില്ല.

ജിഷ വധവുമായി ബന്ധപ്പെട്ട് പല്ലിന് വിടവുകള്‍ ഉള്ള സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഇയാളാണ് കൊലയാളിയെന്ന തരത്തില്‍ നാട്ടില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അമീറുല്‍ ഇസ്ലാം പിടിയിലായത്. സാബുവിനെ സംശയമുണ്ടെന്ന് ജിഷയുടെ അമ്മ ആവര്‍ത്തിച്ചതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. മുന്‍ഭാഗത്തെ പല്ലുകള്‍ക്ക് വിടവുകള്‍ ഉളളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞതോടെ സാബുവാണ് പ്രതിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. സാബുവിന്റെ പല്ലുകളിലെ വിടവ് പലരുടെയും സംശയം ബലപ്പെടുത്തി.

ജിഷ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ അറസ്റ്റ് ചെയ്ത് തന്നെ ഉടന്‍ തന്നെ തല മൂടി എവിടെയോ എത്തിച്ചുവെന്നും അവിടെ വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും സാബു വെളിപ്പെടുത്തി. മര്‍ദനം സഹിക്ക വയ്യാതെ ഒടുവില്‍ കുറ്റം ഏല്‍ക്കുന്ന സ്ഥിതി വരെയെത്തിയെന്നും സാബു പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായ സാബുവിനെ പിന്നീട് പൊലീസ് ചോദ്യം ചെയ്തിരുന്നില്ല.