ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എത്തി. വെസ്റ്റ് മിനിസ്റ്റർ ഹാളിലൂടെ മുന്നോട്ട് പോകുന്നതിന് മുമ്പ് ബൈഡൻ നെഞ്ചിൽ കൈ തൊടുകയും രാജ്ഞിയ്ക്ക് ബഹുമാന സൂചകമായി സല്യൂട്ട് നൽകുകയും ചെയ്തു. യുകെയിലെ യുഎസ് അംബാസഡർ ജെയ്ൻ ഹാർട്ട്‌ലിയും ബൈഡനൊപ്പമുണ്ടായിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റും വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ബൈഡന്റെ സന്ദർശനം. സഹായികളും സെക്യൂരിറ്റി ഗാർഡുകളും ഉള്ള സെൻട്രൽ ലണ്ടനിലൂടെ നടക്കുമ്പോൾ ഇരുവരും സൺഗ്ലാസ് ധരിച്ചിരുന്നു. രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ബൈഡനും മാക്രോണും ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനും മറ്റ് നിരവധി ലോക നേതാക്കന്മാർക്കുമൊപ്പം സൗഹൃദം പങ്കിടുകയും ചെയ്തു.
ബുധനാഴ്ച മുതലേ രാജ്ഞിയുടെ മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ധാരാളം പേരാണ് ദിനംതോറും എത്തുന്നത്. പല ദിവസങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും അധികൃതർ വ്യക്തമാക്കുന്നു. സ്കോട്ട്‍ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലായിരുന്നു രാജ്ഞിയുടെ അന്ത്യം. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്ന രാജ്ഞി ഇനി മണ്ണിലേക്ക് മടങ്ങുന്നു.
Leave a Reply