തോമസ് ഫ്രാന്‍സിസ്
ലിവര്‍പൂള്‍: ആദരണീയനായ ജോണ്‍ മാഷിന്റെ അനുസ്മരണാര്‍ത്ഥം നടത്തപ്പെടുന്ന വടംവലി മത്സരത്തില്‍ യു.കെയുടെ വിവിധയിടങ്ങളിലുള്ള ശക്തരായ 14 ടീമുകളാണ് തങ്ങളുടെ മെയ്ക്കരുത്തുമായി മത്സര ഗോദയിലെത്തുന്നത്. രജിസ്ട്രേഷനുള്ള അവസാന ദിവസമായിരുന്ന ആഗസ്റ്റ് 15ന് ബുധനാഴ്ച കടുത്ത മത്സരത്തിനുള്ള 14 ടീമുകളുടെ ഫൈനല്‍ ലിസ്റ്റ് തയ്യാറാക്കികഴിഞ്ഞു. ഇനി ലിവര്‍പൂളിന്റെ മണ്ണില്‍ തീപാറിക്കുന്ന ഈ കായികശക്തികളെ കാണാനുള്ള ആവേശത്തിലാണ് വടംവലി മത്സരമത്സര പ്രേമികള്‍.
വൂസ്റ്റര്‍ തെമ്മാടീസ്, കെന്റ് ടേണ്‍ ബ്രിഡ്ജ്, ഹെരിഫോര്‍ഡ് അച്ചായന്‍സ്, സ്വിന്‍ഡന്‍ WMA, ലെസ്റ്റര്‍ ഫോക്സസ്, ബര്‍മിംഗ്ഹാം, BCMC, ബേസിംഗ് സ്റ്റോക് MCA, കോവന്ററി CKC, ഹേയ്വാര്‍ഡ്സ്ഹീത് ടീം, ബ്രിസ്റ്റോള്‍ മാസ് ടോന്റണ്‍, നനീറ്റന്‍ കേരളാ ക്ലബ്, വാറിംഗ്റ്റണ്‍ വൂള്‍വ്സ്, വിഗന്‍ ടീം, എന്നിവര്‍ക്കൊപ്പം ആതിഥേയ ടീം ആയ ലിവര്‍പൂള്‍ ടൈഗേഴ്സും മത്സര ഗോദയില്‍ അണിനിരക്കുന്നു.
കേവലം ഒരു കടുത്ത മത്സരത്തിനപ്പുറം, ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട ശിക്ഷ്യഗണങ്ങളുടെ കരുത്തുറ്റ പ്രകടനങ്ങളും അതിലൂടെയുള്ള ഒരു സൗഹൃദ മത്സരവും ഈ വടംവലി മഹാമഹം മലയാളി സമൂഹത്തിന് സമ്മാനിക്കുകയാണ്. മത്സര ദിനമായ സെപ്തംബര്‍ 30ന് ശനിയാഴ്ച രാവിലെ 9 മണിക്ക് വടംവലി മാമാങ്കത്തിന് നാന്ദി കുറിച്ചുകൊണ്ടുള്ള വര്‍ണ്ണാഭമായ ഉദ്ഘാടന സമ്മേളനം നടത്തപ്പെടും. മത്സര ഗോദായിലേക്ക് കടന്നുവരുന്ന 14 ടീമുകള്‍ തങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ജേഴ്സി അണിഞ്ഞുകൊണ്ട്, വാദ്യമേള ആഘോഷങ്ങളോടുകൂടി മത്സര നഗറിലേക്ക് ഘോഷയാത്രയായി കടന്നുവരും. തുടര്‍ന്ന് ടീമുകളുടെ മാസ്സ് ഡ്രില്‍ നടത്തപ്പെടും.
ജോണ്‍ മാഷിന്റെ പ്രിയ പത്നി ശ്രീമതി സെലിന്‍ ജോണ്‍ ഭദ്രദീപം തെളിച്ചുകൊണ്ട് ഈ വലിയ കാകിക മാമാങ്കം ഉദ്ഘാടനം ചെയ്യുന്ന വേദിയില്‍ വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരിക്കും. കൃത്യം 9.30ന് തന്നെ ടീമുകളുടെ പ്രാഥമിക മത്സരം ആരംഭിക്കുന്നതാണ്. ഉച്ചകഴിഞ്ഞാണ് ജോണ്‍ മാഷ് മെമ്മോറിയല്‍ ട്രോഫിക്കായിയുള്ള വാശിയേറിയ ഫൈനല്‍ മത്സരം നടത്തപ്പെടുക.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ യുകെയുടെ മേഖലകളില്‍ മലയാളി കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്ന വടംവലി, വോളിബോള്‍ മത്സര കോര്‍ട്ടുകളില്‍ റഫറിയായി വിളങ്ങിയിരുന്ന ജോണ്‍ മാഷ് കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം പിന്നിടുകയാണ്.
തന്റെ നീതിയുക്തമായ വിധിനിര്‍ണ്ണയത്തിനായി വിസിലൂതി കളിക്കളത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി തെറ്റ് തിരുത്തി കൊടുത്തിരുന്ന ആ കായിക അദ്ധ്യാപകന്റെ ശിഷ്യഗണങ്ങള്‍ ധാരാളമുണ്ട് ഇവിടെ യുകെയില്‍. ജോണ്‍മാഷ് റഫറി മാത്രമായിരുന്നില്ല. നല്ലൊരു പരിശീലകന്‍ കൂടിയായിരുന്നു. തന്റെ മികവാര്‍ന്ന പരിശീലനത്തിലൂടെ യുകെയിലെ വിവിധ ഇടങ്ങളില്‍ ഒരു ഡസനിലധികം വടം വലി ടീമുകളെ രൂപീകരിച്ചെടുക്കുവാന്‍ ആ മഹദ്വ്യക്തിക്കു കഴിഞ്ഞിട്ടുണ്ട്. അതിലൂടെ ഇവിടെയുള്ള മലയാളി സമൂഹത്തിനിടയില്‍ വടംവലിയെന്ന കായികമത്സരത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുവാനും ജോണ്‍ മാഷിനു കഴിഞ്ഞു.
ജോണ്‍ മാഷിന്റെ രണ്ടാം ചരമവാര്‍ഷികത്തിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു കൊണ്ട് ലിവര്‍പൂളിലെ മലയാളി സമൂഹത്തിന്റെയും, ലിവര്‍പൂള്‍ ടൈഗേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാശിയേറിയ ഈ വടംവലി മത്സരം നടത്തപ്പെടുന്നത്. സെപ്തംബര്‍ 30ന് ശനിയാഴ്ച ലിവര്‍പൂളിലെ Broadgreen International High School sâ Outdoor courtല്‍ വെച്ചാണ് മത്സരം നടത്തപ്പെടുക. ആവേശമുണര്‍ത്തുന്ന ഈ മത്സരത്തിന്റെ വിജയപൂര്‍ണ്ണമായ നടത്തിപ്പിനായി തോമസുകുട്ടി ഫ്രാന്‍സീസ്, ഹരികുമാര്‍ ഗോപാലന്‍, ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വലിയ കമ്മിറ്റി വളരെ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.
ലിവര്‍പൂളിന്റെ പരിസര പ്രദേശങ്ങളായ St.ഹെലന്‍സ്, വിസ്റ്റണ്‍, ഫസാക്കര്‍ലി, ബിര്‍ക്കെന്‍ഹെഡ്, വിരാല്‍, വാറിംഗ്ടണ്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള പ്രത്യേക പ്രതിനിധികളുടെ ഒരു കൂട്ടായ്മയാണ് ഈ പ്രവര്‍ത്തന കമ്മിറ്റി. മത്സര വിജയികള്‍ ക്കുള്ള ഒന്നാം സമ്മാനം 1001 പൗണ്ട്, രണ്ടാം സമ്മാനം 701 പൗണ്ട്, മൂന്നാം സമ്മാനം 351 പൗണ്ട്, നാലാം സമ്മാനം 201 പൗണ്ടും ലഭിക്കുന്നതിനോടൊപ്പം ആകര്‍ഷണീയമായ ട്രോഫി കളും വിജയികളായ ടീമുകള്‍ക്ക് നല്‍കപ്പെടുന്നു.
കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ജോണ്‍ മാഷിനോടുള്ള ആദരവ് സൂചകമായി പ്രത്യേക മെമന്റൊകളും അതുപോലെതന്നെ എല്ലാ ടീം അംഗങ്ങള്‍ക്കും പ്രത്യേക മെഡലുകളും സമ്മാനിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു. വാശിയേറിയ ഒരു മത്സരം കാഴ്ച വയ്ക്കുന്നതിനുമപ്പുറം, ജോണ്‍ മാഷിന്റെ ശിഷ്യഗണങ്ങളുടെ ഒരു സൗഹൃദമത്സരവുമായി അവര്‍ ഇതിനെ കാണുകയാണ്. ഒപ്പം ഈ കായിക മാമാങ്കത്തെ ജോണ്‍ മാഷിന്റെ നാമധേയത്തിലുള്ള ഒരു ചാരിറ്റി ഇവന്റാക്കിയും ഇത് മാറ്റപ്പെടുകയാണ്. മത്സര ദിനമായ അന്ന് രാവിലെ മുതല്‍ മിതമായ നിരക്കിലുള്ള ഭക്ഷണശാല തുറന്നു പ്രവര്‍ത്തിക്കുന്നതായരിക്കും. അതുപോലെ കൊച്ചു കുട്ടികള്‍ക്കായി ബൗണ്‍സി കാസില്‍, വിശാലമായ Car Parking എന്നിവയും ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ health& Safety, First aid volunteers എന്നിവരുടെ സേവനവും ലഭ്യമായിരിക്കും.
Leave a Reply