കൊല്ലം: കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ വല്‍സലയാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എ്ന്നാല്‍ ഈ റിപ്പോര്‍ട്ട് പോലീസ് കാര്യമായി പരിഗണിക്കാതെ ആത്മഹത്യയായി മരണം എഴുതിത്തള്ളുകയായിരുന്നു.
കേസില്‍ പുനരന്വേഷണം ആരംഭിച്ചതോടെയാണ് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യവും ഡോക്ടര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കുട്ടിയുടെ അമ്മയും ബന്ധുക്കളും ഉള്‍പ്പെടെ 9 പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന കൊല്ലം റൂറല്‍ എസ്പി എസ് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ത്വക്ക് രോഗം മൂലമാണ് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായതെന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയത്. പെണ്‍കുട്ടിക്ക് അണുബാധയുണ്ടായിരുന്നെന്നും ഇത് പീഡനത്തിലൂടെ ഉണ്ടായതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ജനുവരി 15ന് ആണ് കുണ്ടറയില്‍ 10 വയസുകാരിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നിലത്ത് മുട്ടിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്.