ന്യൂസ് ഡെസ്ക് മലയാളം യുകെ

എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തു കളയുന്നതിനെതിരെ വൻ അഭിപ്രായവ്യത്യാസമാണ് ആരോഗ്യവിദഗ്ധർ ഉന്നയിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതീക്ഷിച്ചതിലും ഒരു മാസം മുമ്പ് ഇന്ന് കോമൺസിനെ അഭിസംബോധനചെയ്ത് ലിവിംഗ് വിത്ത് കോവിഡിൻെറ വിശദാംശങ്ങൾ അറിയിക്കും. കോവിഡ് പോസിറ്റീവ് ആയാൽ സ്വയം ഒറ്റപ്പെടൽ നിർദ്ദേശം അവസാനിക്കുന്നതും സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി ഇന്ന് നടത്തുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ പാർട്ടിയിലെ വിമതരിൽ നിന്ന് വൻപ്രതിഷേധം നേരിടുന്ന പ്രധാനമന്ത്രി വിമത എംപിമാരുടെ നാവടക്കാനാണ് തിരക്ക് പിടിച്ച പ്രഖ്യാപനവുമായി മുന്നോട്ടു പോകുന്നത് എന്നുള്ള ആരോപണവും ശക്തമാണ് . ഞായറാഴ്ചയിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 25696 കോവിഡ് കേസുകളും 74 മരണങ്ങളും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് രോഗവ്യാപന തോതിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധർ പങ്കുവച്ചിരിക്കുന്നത്. ഭൂരിപക്ഷം ആളുകൾക്കും 3 ഡോസ് വാക്സിൻ ലഭിച്ചതാണ് നിയന്ത്രണങ്ങൾ ഒന്നൊഴിയാതെ പിൻവലിക്കാനുള്ള തീരുമാനത്തിന് ഗവൺമെൻറിന് ശക്തിപകർന്നത്.

എന്നാൽ യുദ്ധം പൂർണമാകുന്നതിന് മുമ്പ് വിജയം പ്രഖ്യാപിക്കുന്നതിന് തുല്യമാണ് ഇപ്പോൾ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നത് എന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനോട് കടുത്ത എതിർപ്പാണ് എൻഎച്ച്എസ് കോൺഫെഡറേഷൻ രേഖപ്പെടുത്തിയത്. താൻ വളരെ ആശങ്കാകുലനാണെന്നും കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കുക എന്നതിനർത്ഥം എല്ലാ മുൻകരുതലും ഉപേക്ഷിക്കുക എന്നല്ലന്നും എൻഎച്ച്എസ് കോൺഫെഡറേഷൻ ചെയർമാൻ ലോർഡ് അഡെബോവാലെ പറഞ്ഞു.