ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഗവേഷണ പഠനങ്ങൾക്കായി കേരളത്തിൽ എത്തിയ പ്രമുഖ ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അധികൃതർ തടഞ്ഞു ബ്രിട്ടനിലേക്ക് മടക്കി അയച്ചു. മാർച്ച് 24 നാണ് കേരളത്തിന് തന്നെ അപമാനമായ ഈ സംഭവം അരങ്ങേറിയത്. യൂണിവേഴ്സിറ്റി ഓഫ് സസ്സെക്സിലെ നരവംശശാസ്ത്രജ്ഞനായ ഒസെല്ല കഴിഞ്ഞ 30 വർഷമായി ഇന്ത്യയിൽ സന്ദർശനം നടത്തി വരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണങ്ങളും കേരളവുമായി ബന്ധപ്പെട്ടവയുമാണ്. തീരദേശ സമൂഹങ്ങളെ കുറിച്ചുള്ള ദ്വിദിന സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഒസെല്ല. വിമാനം ലാൻഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ എത്തി തന്നെ കൊണ്ടുപോയി തന്റെ ചിത്രം എടുക്കുകയും തന്റെ വിരലടയാളം ശേഖരിക്കുകയും ചെയ്തതായി ഒസെല്ല വ്യക്തമാക്കി. അതിനുശേഷം തന്നെ മടക്കി അയയ്ക്കുകയാണെന്ന് മാത്രമാണ് അവർ തന്നോട് വിശദീകരിച്ചതെന്നും ഒസെല്ല പറഞ്ഞു. എന്ത് കാരണം മൂലമാണ് തന്നെ മടക്കി അയച്ചതെന്ന് തനിക്കറിയില്ലെന്നും ഒസെല്ല പറഞ്ഞു.

ദുബായിലേക്കുള്ള അടുത്ത വിമാനത്തിൽ തന്നെ ഒസെല്ലയെ യാത്രയാക്കുകയും പിന്നീട് വിവിധ വിമാനത്താവളങ്ങളിൽ സമയം ചെലവിട്ടാണ് ഒസെല്ലയ്ക്ക് ലണ്ടനിൽ എത്തിച്ചേരാൻ സാധിച്ചത്. ഒസെല്ലയെ തിരിച്ചയച്ച സംഭവം ഇന്ത്യയിൽ മുഴുവൻ വിവാദമായി. തനിക്ക് പിന്തുണ അറിയിച്ച് നാനൂറോളം ഇ-മെയിലുകളും മെസ്സേജുകളും ലഭിച്ചതായും ഒസെല്ല വ്യക്തമാക്കി. ഇന്ത്യയിലുള്ള തന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ പോലും എമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെ അനുവദിച്ചില്ലെന്ന് ഒസെല്ല എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പംതന്നെ ബാഗിൽ നിന്നും രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ എടുക്കണം എന്ന ആവശ്യമുന്നയിച്ചപ്പോഴും തന്നോട് അപമര്യാദയായി പെരുമാറുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. റിസർച്ച് വിസയിലാണ് അദ്ദേഹം കേരളത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുൻപുള്ള തന്റെ യാത്രയിൽ ഒസെല്ല തന്റെ വിസ ദുരുപയോഗം ചെയ്തതായും അതാകാം അറസ്റ്റിനുള്ള കാരണമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഗവൺമെന്റ് ഒഫീഷ്യൽ വ്യക്തമാക്കി. എന്നാൽ തന്റെ ഭാഗത്തുനിന്നും അത്തരത്തിലുള്ള ഒരു പ്രവർത്തിയും ഉണ്ടായിട്ടില്ലെന്നാണ് ഒസെല്ല വ്യക്തമാക്കിയത്.

2019 ൽ കേരളത്തിലെത്തിയപ്പോൾ തനിക്ക് കോൺഫറൻസ് വിസ ഉണ്ടായിരുന്നതായും, അതിനുശേഷം കഴിഞ്ഞ സെപ്റ്റംബറിൽ എത്തിയപ്പോൾ ഗവേഷണത്തിന്റെ ഭാഗമായതിനാൽ റിസർച്ച് വിസ ഉണ്ടായിരുന്നതായും ഒസെല്ല വ്യക്തമാക്കി. എന്താണ് യഥാർത്ഥ കാരണം എന്ന് ഇതുവരെയും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. കേരളത്തിലെ വിവിധ മതാചാരങ്ങൾ, ക്ഷേത്ര ഉത്സവങ്ങൾ എന്നിവയെല്ലാം തന്നെ ഗവേഷണം ചെയ്ത വ്യക്തിയാണ് ഒസെല്ല. തനിക്ക് ഇനിയും കേരളത്തിലേക്ക് വരുവാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒസെല്ല വ്യക്തമാക്കി.