അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ എത്തിച്ചേരാൻ അനധികൃത കുടിയേറ്റം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഫേസ്ബുക്ക്, ട്വിറ്റർ , ടിക്‌ടോക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെ കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റങ്ങളെ ആകർഷണീയമാക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഫോട്ടോകളും കൂടുതൽ പേരെ ജീവൻ പണയം വച്ച് കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നതായി അവർ കൂട്ടിച്ചേർത്തു . ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നവർ പലപ്പോഴും സോഷ്യൽ മീഡിയ വഴിയാണ് ആളുകളെ കണ്ടെത്തുന്നത്.

വ്യാജ പാസ്പോർട്ടുകളും വിസകളും സംഘടിപ്പിച്ചു കൊടുക്കുന്ന ക്രിമിനൽ സംഘങ്ങളും വ്യാപകമായ രീതിയിൽ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള രാജ്യദ്രോഹപരമായ ഫോട്ടോകളും കമൻറുകളും നീക്കംചെയ്യാൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഫേസ്ബുക്ക് ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങൾക്ക് കർശന നിർദ്ദേശം നൽകി. യുകെയിൽ എത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയരുന്നതിനിടയിലാണ് ആഭ്യന്തര സെക്രട്ടറിയുടെ നടപടി. കാലായിസിൽ നിന്ന് ഡോവറിലേക്ക് കുടിയേറുന്നവരുടെ ഒരു വീഡിയോ ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്‌ടോക്കിൽ എട്ട് ലക്ഷം പേരാണ് കണ്ടത്. അനധികൃത കുടിയേറ്റങ്ങൾ പലപ്പോഴും അഭയാർഥികളുടെ ജീവഹാനിയിലാണ് കലാശിക്കുന്നത്.

യുഎൻ ഡാറ്റാ പ്രകാരം 17480 കുടിയേറ്റക്കാരാണ് 2014 മുതൽ മുങ്ങിമരിച്ചിട്ടുള്ളത്. ആളുകൾ സ്വന്തം നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് പിന്നിൽ വേദനാജനകവും വിഷമകരവുമായ കാരണങ്ങളുണ്ടെന്ന് ബ്രിട്ടീഷ് റെഡ് ക്രോസിലെ അഭയാർഥി പിന്തുണാ മേധാവി ഡെബി ബസ്‌ലറിൻെറ അഭിപ്രായം. 2014 -ലെ കുടിയേറ്റ പ്രതിസന്ധിയുടെ തുടക്കം മുതൽ, നിയമവിരുദ്ധമായി യുകെയിൽ എത്തിയ 12 കുടിയേറ്റക്കാർ മരണപ്പെട്ടിരുന്നു. ലോറികളിൽ യുകെയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തുക എന്നത് കഠിനജോലിയാണെന്ന് നാഷണൽ ക്രൈം ഏജൻസി (എൻ‌സി‌എ) പറയുന്നു. 40 പ്രധാന തുറമുഖങ്ങളിലൂടെ 2018 ൽ ഏകദേശം 3.6 ദശലക്ഷം ലോറികളും കണ്ടെയ്നറുകളും രാജ്യത്ത് പ്രവേശിച്ചതായി ഗതാഗത വകുപ്പും വ്യക്തമാക്കുന്നു. സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെടുന്ന കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപെടുന്ന അവസ്ഥയാണ് മിക്കപ്പോഴും സംഭവിക്കുന്നത് .